Asianet News MalayalamAsianet News Malayalam

താരങ്ങളെ വിട്ടുതരില്ല; ഐപിഎല്ലിന് ഒരുങ്ങുന്ന സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി

അതോടൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും. ഇരുവര്‍ക്കും അനുമതി നല്‍കേണ്ടെന്നാണ് ബിസിബിയുടെ തീരുമാനം.

BCB says We are not giving NOC to Shakib and Mustafizur to play remainder of IPL
Author
Dhaka, First Published Jun 1, 2021, 10:23 AM IST

ധാക്ക: ഐപിഎല്ലിലെ ശേഷിക്കുന്ന യുഎഇയില്‍ നടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. അവരുടെ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന് അനുമതി നല്‍കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് ഫിസ്. 

അതോടൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും. ഇരുവര്‍ക്കും അനുമതി നല്‍കേണ്ടെന്നാണ് ബിസിബിയുടെ തീരുമാനം. മോശം ഫോമിലാണ് ഷാക്കിബ്. അതുകൊണ്ടുതന്നെ ഷാക്കിബിന്റെ അഭാവം കൊല്‍ക്കത്തയെ അധികം ബാധിക്കില്ല.

ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ കൂടുതല്‍ തയ്യാറെടുപ്പുകള്‍ വേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഷാക്കിബിനും മുസ്തഫിസുറിന് അനുമതി നല്‍കാനാവില്ലെന്ന് ബിസിബി പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. ''ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ഇനിയങ്ങോട്ടുള്ള ഓരോ മത്സരവും ദേശീയ ടീമിന് വിലയേറിയതാണ്. അതുകൊണ്ടുതന്നെ ടീമിലെ രണ്ട് പ്രധാന താരങ്ങളെ ഇത്തരത്തില്‍ മാറ്റി നിര്‍ത്താനാവില്ല.'' നസ്മുള്‍ പറഞ്ഞു.

സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാണ് ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം താരങ്ങള്‍ നേരെ യുഎഇയിലേക്ക് തിരിക്കും.

Follow Us:
Download App:
  • android
  • ios