
ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ആദ്യ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന ദിനമാണിന്ന്. ദുബായില്‍ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (Chennai Super Kings) നേരിടും. മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാര്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.
ആദ്യ പവര്‍പ്ലേയില്‍ ഡല്‍ഹി പേസ് ത്രിമൂര്‍ത്തികളായ ആവേഷ് ഖാന്‍, കാഗിസോ റബാഡ, ആന്‍റിച്ച് നോര്‍ജെ എന്നിവര്‍ക്ക് അര്‍ഹമായ ബഹുമാനം സിഎസ്‌കെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലസിസും റുതുരാജ് ഗെയ്‌ക്‌വാദും നല്‍കണമെന്നാണ് ലാറയുടെ ഉപദേശം.
'പവര്‍പ്ലേയില്‍ എതിര്‍ ടീമുകള്‍ക്ക് വലിയ നാശമുണ്ടാക്കുന്ന താരങ്ങളാണ് ആവേഷും നോര്‍ജെയും റബാഡയും. അതിനാല്‍ പവര്‍പ്ലേയില്‍ ചെന്നൈ കുറച്ച് കരുതിയിരിക്കേണ്ടതുണ്ട്. ഷോട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഓപ്പണര്‍മാരെ ഇവര്‍ നേരിടും. ഈ ഘട്ടം അതിജീവിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഫാഫിനും ഗെയ്‌ക്‌വാദിനും കഴിയും. പരിചയസമ്പത്താണ് ചെന്നൈയുടെ പ്രധാന കരുത്ത്. എം എസ് ധോണിയുടെ തന്ത്രങ്ങള്‍ വിജയകരമായിരിക്കും' എന്നും ലാറ പറഞ്ഞു.
ഐപിഎല്‍ 2021: ആരാണ് മികച്ച ക്യാപ്റ്റന്‍? മോര്‍ഗന്‍ മോശമെന്ന് ഗംഭീര്‍! ധോണിയെ കുറിച്ചും വിലയിരുത്തല്‍
സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായ ഡല്‍ഹി ക്വാളിഫയറില്‍ എത്തുന്നത് പോയിന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. രണ്ടാം സ്ഥാനക്കാരായ ചെന്നൈ വരുന്നത് അവസാന മൂന്ന് കളിയും തോറ്റ ക്ഷീണത്തിലും. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫ് ചരിത്രത്തില്‍ സമ്പൂര്‍ണ ജയം ചെന്നൈക്കൊപ്പമാണ്.
സീസണില്‍ ചെന്നൈയുടെ കുതിപ്പിന് ഏറ്റവും കൂടുതല്‍ ഊര്‍ജം പകര്‍ന്നത് ഫാഫ്-ഗെയ്‌ക്‌വാദ് ഓപ്പണിംഗ് സഖ്യമാണ്. 101 റണ്‍സ് ഉയര്‍ന്ന സ്‌കോറോടെ 533 റണ്‍സ് സീസണില്‍ ഗെയ്‌ക്‌വാദ് അടിച്ചുകൂട്ടിയെങ്കില്‍ ഡുപ്ലസി അഞ്ച് അര്‍ധ സെഞ്ചുറികള്‍ സഹിതം 546 റണ്‍സെടുത്തു. ഗെയ്‌ക്‌വാദും ഡുപ്ലെസിയും ഫോമിലാണെങ്കിലും ചെന്നൈയുടെ മധ്യനിര ഉറച്ചിട്ടില്ല. ക്യാപ്റ്റന്‍ ധോണി റണ്‍ കണ്ടെത്താന്‍ പാടുപെടുന്നു. സമാന അവസ്ഥയിലുള്ള സുരേഷ് റെയ്‌നയ്ക്ക് പകരം റോബിന്‍ ഉത്തപ്പയെ പരീക്ഷിച്ചേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!