Asianet News MalayalamAsianet News Malayalam

ടോസിനുശേഷം ധോണി-പന്ത് ബ്രൊമാന്‍സ്, ഏറ്റെടുത്ത് ആരാധകര്‍

ടോസ് നേടിയ ശേഷം ധോണിയുമായുള്ള ബന്ധത്തത്തെക്കുറിച്ച് കമന്‍റേറ്ററായ ഇയാന്‍ ബിഷപ്പ് റിഷഭ് പന്തിനോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അദ്ദേഹം എതിരാളി മാത്രമാണെന്നായിരുന്നു റിഷഭ് പന്തിന്റെ മറുപടി.

IPL 2021: MS Dhoni and Rishabh Pant Bromance Video goes viral
Author
Dubai - United Arab Emirates, First Published Oct 4, 2021, 10:38 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സും(Chennai Super Kings) ഡല്‍ഹി ക്യാപിറ്റല്‍സും(Delhi Capitals) തമ്മിലുള്ള പോരാട്ടം ഇന്ത്യയുടെ മുന്‍ നായകനും ഭാവി നായകനും തമ്മിലുള്ള പോരാട്ടമായാണ് ആരാധകര്‍ കണ്ടത്. എം എസ് ധോണിയുടെ(MS Dhoni) പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറിയ റിഷഭ് പന്തിന്(Rishabh Pant) കരിയറിന്‍റെ തുടക്കത്തില്‍ ധോണിയുമായുള്ള താതരതമ്യം വലിയ ഭാരമായിരുന്നു.

പലപ്പോഴും താരതമ്യങ്ങളുടെ അതിസമ്മര്‍ദ്ദത്തില്‍ തിളങ്ങാനാവാതെ ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്തുപോയെങ്കിലും ശക്തമായി തിരിച്ചുവന്ന പന്ത് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അവിഭാജ്യഘടകമാണ്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെ ഡല്‍ഹിയുടെ നായകസ്ഥാനം ഏറ്റെടുക്കേണ്ടവന്ന പന്ത് ക്യാപ്റ്റനെന്ന നിലയിലും മികവുകാട്ടി. ഐപിഎല്ലില്‍ ചെന്നൈക്കെതിരായ പോരാട്ടത്തിനായി ടോസിനിറങ്ങിയപ്പോള്‍ തന്‍റെ ആരാധ്യപുരുഷനായ എം എസ് ധോണിയായിരുന്നു റിഷഭ് പന്തിന് മുന്നിലുണ്ടായിരുന്നത്.

ടോസ് നേടിയ ശേഷം ധോണിയുമായുള്ള ബന്ധത്തത്തെക്കുറിച്ച് കമന്‍റേറ്ററായ ഇയാന്‍ ബിഷപ്പ് റിഷഭ് പന്തിനോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അദ്ദേഹം എതിരാളി മാത്രമാണെന്നായിരുന്നു റിഷഭ് പന്തിന്റെ മറുപടി. ടോസിനുമുമ്പെ വിരാട് കോലിയോടെന്നപോലെ ദീര്‍ഘനേരം റിഷഭ് പന്തിനോടും ധോണി സംസാരിച്ചിരുന്നു. ടോസിനുശേഷം തിരിച്ചു നടക്കാനൊരുങ്ങിയ ധോണിയുടെ പുറകിലൂടെ പോയി നിര്‍ബന്ധപൂര്‍വം പിടിച്ചു നിര്‍ത്തി അദ്ദേഹത്തിന്‍റെ വാച്ച് നോക്കി തമാശ പങ്കിടുന്ന റിഷഭ് പന്തിന്‍റെ ദൃശ്യങ്ങളും ആരാധകരുടെ ഹൃദയം നിറക്കുന്നതായിരുന്നു.

പന്തുമൊത്ത് തമാശ പങ്കിട്ട് നിറഞ്ഞു ചിരിക്കുന്ന ധോണിയെയും കാണാമായിരുന്നു. ഇന്ന് 24-ാം പിറന്നാള്‍ ആഘോഷിക്കുന്ന റിഷഭ് പന്തിന് ടോസിലെ ഭാഗ്യം പക്ഷെ ബാറ്റിംഗിലുണ്ടായില്ല. 12 പന്തില്‍ 15 റണ്‍സെടുത്ത പന്തിനെ ജഡേജയുടെ പന്തില്‍ മൊയിന്‍ അലി പിടിച്ചു പുറത്താക്കി. ഇതിനിടെ പന്തിനെ ജഡേജയുടെ പന്തില്‍ ധോണി മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും തലനാരിഴക്ക് പന്ത് രക്ഷപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios