ധോണിയുടെ ഫിനിഷിംഗ് എത്ര കണ്ടിരിക്കുന്നു, അത്ഭുതമില്ല; തുറന്നുപറഞ്ഞ് പൃഥ്വി ഷാ

By Web TeamFirst Published Oct 11, 2021, 6:44 PM IST
Highlights

ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിന് യോഗ്യത നേടിയത്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) ഫൈനലിലെത്തുന്ന ആദ്യ ടീമായത് നായകന്‍ എം എസ് ധോണിയുടെ(MS Dhoni) തകര്‍പ്പന്‍ ഫിനിഷിംഗിലാണ്. എതിരാളികളായ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) പോലും ധോണിയുടെ ഫിനിഷിംഗ് മികവിനെ പുകഴ്‌ത്തി. ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗിനെ കൂടാതെ ഓപ്പണര്‍ പൃഥ്വി ഷായും ധോണിയുടെ ഫിനിഷിംഗ് മികവില്‍ തെല്ലുപോലും അത്ഭുതം പ്രകടിപ്പിച്ചില്ല.

ഐപിഎല്‍ 2021: ധോണിയുടെ സൂപ്പര്‍ ഫിനിഷ്! ത്രില്ലടിച്ച് സോഷ്യല്‍ മീഡിയ; പഴയ 'തല'യെന്ന് ക്രിക്കറ്റ് ലോകം

'എം എസ് ധോണി വളരെ വ്യത്യസ്തനാണ്. അത് എല്ലാവര്‍ക്കുമറിയാം. മത്സരം അദ്ദേഹം ഫിനിഷ് ചെയ്യുന്നത് നമ്മള്‍ ഏറെത്തവണ കണ്ടിരിക്കുന്നു. അത് ധോണിക്കോ കാണുന്ന നമുക്കോ പുതുമയുള്ള കാര്യമേയല്ല. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്താലും ധോണി അപകടകാരിയാണ്. ധോണിയെന്ന ബാറ്റ്സ്‌മാനെയും ക്യാപ്റ്റനെയും അടുത്തുനിന്ന് കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി. അദ്ദേഹമാണ് ക്വാളിഫയറില്‍ മത്സരം ഡല്‍ഹിയില്‍ നിന്ന് തട്ടിയെടുത്തത്' എന്നും ഷാ പറഞ്ഞു. 

ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ക്യാപിറ്റല്‍സ് വച്ചുനീട്ടിയ 173 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി. റോബിന്‍ ഉത്തപ്പ(44 പന്തില്‍ 63), റുതുരാജ് ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) എന്നിവരുടെ അര്‍ധ സെഞ്ചുറിക്കൊപ്പം അവസാന ഓവറില്‍ എം എസ് ധോണിയുടെ(6 പന്തില്‍ 18*) വിന്‍റേജ് ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം. 

ഐപിഎല്‍ 2021: ആ ബാറ്റ് ഇങ്ങെടുത്തേ! എന്താ ഒരു തലയെടുപ്പ്; ധോണിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ട്രോളര്‍മാര്‍

ഒരിക്കല്‍ കൂടി മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത ഗെയ്‌ക്‌വാദിനെ 19-ാം ഓവറില്‍ പുറത്താക്കിയപ്പോള്‍ ഡല്‍ഹി ജയം പ്രതീക്ഷിച്ചതാണ്. എന്നാല്‍ ക്രീസിലെത്തിയ ധോണി നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്‌സര്‍ പറത്തി. ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികളോടെ ധോണി ടീമിനെ ഒന്‍പതാം ഫൈനലിലേക്ക് നയിക്കുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ(34 പന്തില്‍ 60), നായകന്‍ റിഷഭ് പന്ത്(35 പന്തില്‍ 51), ഷിമ്രോന്‍ ഹെറ്റ്‌മയര്‍(24 പന്തില്‍ 37) എന്നിവരുടെ മികവില്‍ അഞ്ച് വിക്കറ്റിന് 172 റണ്‍സെടുത്തു. തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡല്‍ഹി നേരിടും. 

മുന്നില്‍ നിന്ന് നയിക്കുന്ന ഫിനിഷര്‍; ധോണിയെ പ്രശംസ കൊണ്ടുമൂടി പ്രീതി സിന്‍റ

click me!