വിന്‍റേജ് മഹിയുടെ ഫിനിഷിംഗിന് പ്രശംസാപ്രവാഹമാണ് മത്സര ശേഷം ലഭിച്ചത്. ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്‌സിന്‍റെ ഉടമകളിലൊരാളായ പ്രീതി സിന്‍റയും ധോണിയെ പ്രശംസ കൊണ്ടുമൂടി. 

ദുബായ്: ഒടുവില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ മുഴുവന്‍ കാത്തിരിപ്പിന് വിരാമമിട്ട് വിന്‍റേജ് ധോണിയുടെ(MS Dhoni) ഫിനിഷിംഗ് ഐപിഎല്ലില്‍ പുനരവതരിച്ചിരിക്കുന്നു. ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്(Delhi Capitals) ധോണി തന്‍റെ പ്രതാപകാലം അവസാനിച്ചിട്ടില്ല എന്ന് വിമര്‍ശകരെ കാട്ടിയത്. മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നാല് വിക്കറ്റിന് ജയിച്ചപ്പോള്‍ വെറും ആറ് പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. 

വിന്‍റേജ് മഹിയുടെ ഫിനിഷിംഗിന് വലിയ പ്രശംസാപ്രവാഹമാണ് മത്സര ശേഷം ലഭിച്ചത്. ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്‌സിന്‍റെ ഉടമകളിലൊരാളായ പ്രീതി സിന്‍റയും ധോണിയെ പ്രശംസ കൊണ്ടുമൂടി. 

Scroll to load tweet…

'എന്തൊരു ഗംഭീര മത്സരം. എന്‍റെ ഹൃദയം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ യുവ ടീമിനൊപ്പമാണ്. അടുത്ത മത്സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നാല്‍ ഈ രാത്രി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേതാണ്. ധോണി എന്ന ഫിനിഷറാണ് മുന്നില്‍ നിന്ന് നയിച്ചത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹതാരങ്ങളെ പ്രചോദിപ്പിച്ചതിനൊപ്പം കൂളായി മത്സരത്തിലുടനീളം ധോണിയെ കണ്ടു'വെന്നും പ്രീതി സിന്‍റ ട്വീറ്റ് ചെയ്‌തു. 

എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ ചരിത്രത്തില്‍ ടീമിന്‍റെ ഒന്‍പതാം ഫൈനലിനാണ് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വച്ചുനീട്ടിയ 173 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി. റോബിന്‍ ഉത്തപ്പ(44 പന്തില്‍ 63), റുതുരാജ് ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) എന്നിവരുടെ അര്‍ധ സെഞ്ചുറിക്കൊപ്പം അവസാന ഓവറില്‍ എം എസ് ധോണിയുടെ വിന്‍റേജ് ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം. 

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ(34 പന്തില്‍ 60), നായകന്‍ റിഷഭ് പന്ത്(35 പന്തില്‍ 51), ഷിമ്രോന്‍ ഹെറ്റ്‌മയര്‍(24 പന്തില്‍ 37) എന്നിവരുടെ മികവിലാണ് അഞ്ച് വിക്കറ്റിന് 172 റണ്‍സെടുത്തത്. തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡല്‍ഹി നേരിടും. 

ഗെയ്‌ക്‌വാദ്-ഉത്തപ്പ ക്ലാസ്, ധോണി ഫിനിഷിംഗ്; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്‌ത്തി ചെന്നൈ ഫൈനലില്‍