
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) തകര്‍പ്പന്‍ ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ(Ruturaj Gaikwad) പ്രശംസ കൊണ്ടുമൂടി ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capital) സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍(R Ashwin). ദുബായില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് നേരിടാനിരിക്കേയാണ് അശ്വിന്‍റെ പ്രതികരണം.
'സുവര്‍ണ ഫോമിലുള്ള കുറച്ച് ബാറ്റ്‌സ്‌മാന്‍മാരുണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബാറ്റിംഗ് കാണാന്‍ അതിമനോഹരമാണ്. അത് ഞങ്ങള്‍ക്കൊരു വെല്ലുവിളിയാണ്. സിഎസ്‌കെ ബാറ്റിംഗിന് ആഴമുണ്ട്. വാംഖഡെയില്‍ അഗ്രസീവായി അവര്‍ ബാറ്റ് ചെയ്തിരുന്നു. മികച്ച പിച്ചുള്ള ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും അത് പ്രതീക്ഷിക്കാം. ബാറ്റിംഗ് വിരുന്നാണ് ഇന്ന് പ്രതീക്ഷിക്കുന്നത്' എന്നും അശ്വിന്‍ പറഞ്ഞു.
പതിനാലാം സീസണില്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് റുതുരാജ് ഗെയ്‌ക്‌വാദ്. 12 ഇന്നിംഗ്‌സില്‍ 508 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട് റുതുരാജ്. 528 റണ്‍സുള്ള കെ എല്‍ രാഹുലിനെ പിന്നിലാക്കാനാണ് റുതുരാജ് ഇന്നിറങ്ങുന്നത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും നേടിയ താരത്തിന് 50.80 ബാറ്റിംഗ് ശരാശരിയും 140.33 സ്‌ട്രൈക്ക് റേറ്റുമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പുറത്താകാതെ നേടിയ 101* റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍.
ദുബായില്‍ വൈകിട്ട് 7.30നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals)- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) പോരാട്ടം. പ്ലേഓഫിന് മുമ്പ് വിജയവഴിയില്‍ തിരിച്ചെത്താനാണ് ചെന്നൈയുടെ ശ്രമം. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അതേസമയം ഡല്‍ഹി ആത്മവിശ്വാസത്തിലാണ്. അവസാന മത്സരത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം.
വജ്രായുധത്തെ തിരിച്ചുവിളിക്കുമോ ധോണി? ഡല്‍ഹിക്കെതിരെ ചെന്നൈയുടെ സാധ്യതാ ഇലവന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!