
ദുബായ്: ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഐപിഎല്ലിന്റെ ((IPL 2021) ഫൈനലലില്‍ പ്രവേശിച്ചത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ചെന്നൈ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിതുരാജ് ഗെയ്‌വാദ് (70), റോബിന്‍ ഉത്തപ്പ (63) എന്നിവര്‍ക്കൊപ്പം ധോണി (6 പന്തില്‍ പുറത്താവാതെ 18) കൂടിചേര്‍ന്നപ്പോഴാണ് ചെന്നൈയുടെ വിജയം പൂര്‍ത്തിയായത്.
മത്സരശേഷം ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ചില തീരുമാനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡെത്ത് ഓവറുകള്‍ എറിയുന്നതില്‍ എടുത്ത തീരുമാനം പിഴച്ചെന്നാണ് പലരും വിലയിരുത്തിയത്. ഇതേ അഭിപ്രായം തന്നെയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്. അദ്ദേം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. 19-ാം ഓവര്‍ റബാദയ്ക്ക് നല്‍കണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്. ''19-ാം ഓവര്‍ ഒരു ടി20 മത്സരത്തിലെ പ്രധാനപ്പെട്ട ഓവറാണ്. ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ക്കാണ് പന്ത് നല്‍കേണ്ടിയിരുന്നത്. റബാദയായിരുന്നു 19-ാം എറിയാന്‍ അര്‍ഹന്‍. എന്നാല്‍ ആവേശ് ഖാനാണ് പന്തെടുത്തത്. റിതുരാജിനെ വീഴ്ത്താന്‍ ആവേശിനായെങ്കിലും റബാദയ്ക്ക് പന്ത് കൊടുക്കണമായിരുന്നുവെന്ന് ഞാനിപ്പോഴും പറയും.
17-ാം ഓവര്‍ ആവേശ് എറിയണായിരുന്നു. ആന്റിച്ച് 18-ാം ഓവറും റബാദ 19-ാം ഓവറുമാണ് എറിയേണ്ടിരുന്നത്. 17, 19 ഓവറുകള്‍ ആവേശിന് നല്‍കാനുള്ള തീരുമാനം ശരിയായിരുന്നില്ല. റബാദ മികച്ച ഫോമിലല്ലെന്ന് എനിക്കറിയാം. എന്നാല്‍ അദ്ദേഹത്തിന് പരിചയസമ്പത്തുണ്ട്. പിന്തുണക്കേണ്ടത് ടീമിന്റെ കടമയാണ്. അവനൊരു ലോകോത്തര ബൗളറാണ്.'' ഗംഭീര്‍ പറഞ്ഞു.
അവസാന രണ്ട് ഓവറുകളില്‍ ജയിക്കാന്‍ 24 റണ്‍സ് വേണ്ടിയിരുന്നപ്പോളായിരുന്നു ആവേശ് പന്തെറിയാനെത്തിയത്. റിതുരാജിന്റെ ഗെയ്കവാദിന്റെ വിക്കറ്റ് നേടിയെങ്കിലും 11 റണ്‍സ് ആവേശ് ഖാന്‍ വിട്ടു നല്‍കിയിരുന്നു. ധോണി ഒരും സിക്‌സും ഈ ഓവറില്‍ നേടി.
പിന്നീട് അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ 2 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം കാണുകയും ചെയ്തു. ടോം കറന്‍ എറിഞ്ഞ ഓവറില്‍ മൂന്ന് ബൗണ്ടറികളാണ് ധോണി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!