
ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ ജയമുറപ്പിച്ച മത്സരമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന നിമിഷം കൈവിട്ടത്. ഡെത്ത് ഓവറുകളില്‍ മുംബൈ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടപ്പോള്‍ വമ്പനടികള്‍ക്ക് ശ്രമിക്കാനാകാതെ ദിനേശ് കാര്‍ത്തിക്കും ആന്ദ്രേ റസലും വിയര്‍ക്കുകയായിരുന്നു. ഇതോടെ 10 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ബാറ്റ്സ്‌മാന്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്തെത്തി.
സെവാഗിന്‍റെ വാക്കുകള്‍
'വളരെ പോസിറ്റീവ് മനോഭാവത്തോടെയാണ് കളിക്കുകയെന്ന് ആദ്യ മത്സരത്തിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക്കും ആന്ദ്രേ റസലും ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഇത് കണ്ടില്ല. അവസാന ഓവര്‍ വരെ മത്സരം വലിച്ചുനീട്ടി ജയിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇരുവരും കളിച്ചത് എന്നാണ് തോന്നിയത്. എന്നാല്‍ അത് സംഭവിച്ചില്ല. ഇവര്‍ക്ക് മുമ്പ് ബാറ്റിംഗിനെത്തിയ ഷാക്കിബ് അല്‍ ഹസനും ഓയിന്‍ മോര്‍ഗനും ശുഭ്‌മാന്‍ ഗില്ലും നിതീഷ് റാണയും വളരെ പോസിറ്റീവായാണ് കളിച്ചത്.
ഒരവസരത്തില്‍ ജയമുറപ്പിച്ചിരുന്ന മത്സരം കൊല്‍ക്കത്ത നഷ്‌ടപ്പെടുത്തുകയായിരുന്നു. റസല്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ 27 പന്തില്‍ ജയിക്കാന്‍ 30 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ദിനേശ് കാര്‍ത്തിക് അവസാനം വരെ ബാറ്റ് ചെയ്തിട്ടും ജയിപ്പിക്കാനായില്ല, അത് അപമാനമാണ്. ജയിച്ച മത്സരം എങ്ങനെയാണ് തോല്‍ക്കുന്നത് എന്ന് നാം കണ്ടു. ആറേഴ് വിക്കറ്റ് കയ്യിലിരിക്കേ ആറ് ഓവറില്‍ 36 റണ്‍സ് വേണ്ടപ്പോള്‍ എത്രയും വേഗം മത്സരം ഫിനിഷ് ചെയ്ത് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനാണ് ടീമുകള്‍ ശ്രമിക്കാറ്. അതില്‍ കെകെആര്‍ പരാജയപ്പെട്ടു' എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
മുംബൈയോട് 10 റണ്‍സിനാണ് കൊല്‍ക്കത്ത തോറ്റത്. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന മൂന്ന് ഓവറില്‍ ജയിക്കാൻ 22 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ റസലും കാര്‍ത്തിക്കും ക്രീസിലുണ്ടായിരുന്നിട്ടും 18-ാം ഓവറില്‍ മൂന്നും 19, 20 ഓവറുകളില്‍ നാല് വീതവും റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. റസല്‍ 15 പന്തില്‍ 9 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ കാര്‍ത്തിക് 11 ബോളില്‍ 8 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വി; കൊല്‍ക്കത്ത ആരാധകരോട് മാപ്പ് പറഞ്ഞ് ഷാരൂഖ് ഖാന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!