71 റണ്‍സ് നേടിയാല്‍ റെക്കോര്‍ഡ്; അപൂര്‍വ നേട്ടത്തിനരികെ കിംഗ് കോലി

By Web TeamFirst Published Sep 20, 2021, 4:01 PM IST
Highlights

ടി20 ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് കോലി പറഞ്ഞിരുന്നു. പിന്നാലെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുകയാണെന്ന് കോലി അറിയിച്ചു.
 

അബുദാബി: കുറച്ചധികം കാലമായി മികച്ച ഫോമിലല്ല റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട് ഒന്നര വര്‍ഷം കഴിയുന്നു. 2019 നവംബറിലാണ് കോലി അവസാനമായി സെഞ്ചുറി നേടിയത്. ടി20 ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് കോലി പറഞ്ഞിരുന്നു. പിന്നാലെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുകയാണെന്ന് കോലി അറിയിച്ചു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്മാറുന്നതെന്നായിരുന്നു കോലിയുടെ വിശദീകരണം.

ഇന്ന് ഐപിഎല്‍ രണ്ടാംപാതിയില്‍ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് കോലി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആര്‍സിബിയുടെ എതിരാളി. അബുദാബിയില്‍ ഇന്നിറങ്ങുമ്പോള്‍ ഒരു റെക്കോഡിന്റെ വക്കിലാണ് കോലി. 71 റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ  ഇന്ത്യന്‍ താരമാവും കോലി. 

അന്താരാഷ്ട്ര ക്രിക്കറ്റിലേയും ഡല്‍ഹിക്ക് വേണ്ടി ആഭ്യന്തര സീസണിലും ഐപിഎല്ലിലും നേടിയ റണ്‍സാണ് കണക്കിലെടുക്കുക. 311 മത്സരങ്ങില്‍ നിന്ന് 9929 റണ്‍സാണ് കോലി നേടിയത്. 2007 മുതില്‍ 2021 വരെയുള്ള കാലയളവിലെ റണ്‍സാണിത്. ഇതില്‍ അഞ്ച് സെഞ്ചുറികളും 72 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.

ഇക്കാര്യത്തില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഒന്നാമന്‍. 446 മത്സരങ്ങളില്‍ നിന്ന് 14,262 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 22 സെഞ്ചുറികളും 87 അര്‍ധ സെഞ്ചുറികളും ഗെയ്‌ലിന്റെ ഇന്നിംഗ്‌സുകളിലുണ്ട്. കീറണ്‍ പൊള്ളാര്‍ഡാണ് മൂന്നാം സ്ഥാനത്ത്. 11,159 റണ്‍സാണ് പൊള്ളാര്‍ഡിന്റെ സമ്പാദ്യം. പാകിസ്ഥാന്റെ ഷൊയ്ബ് മാലിക് 10,808 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് കോലി. 199 മത്സരങ്ങലില്‍ 6076 റണ്‍സാണ് കോലി നേടിയത്. അഞ്ച് സെഞ്ചുറികളും 40 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

click me!