ഐപിഎല്‍: പിറന്നാള്‍ ദിനത്തില്‍ ഗെയ്‌ലിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചുവെന്ന് ഗവാസ്കര്‍

By Web TeamFirst Published Sep 21, 2021, 10:44 PM IST
Highlights

ലോകത്തെ എല്ലാ ടി20 ലീഗുകളിലും മികവ് കാട്ടിയിട്ടുള്ള കളിക്കാരനാണ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റില്‍ അസാമാന്യ പ്രകടനം പുറത്തെടുത്തിടുത്തിട്ടുള്ള ഗെയ്‌ലിനെപ്പോലൊരു താരത്തെ അയാളുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിരുത്താനുള്ള തീരുമാനത്തെ ബുദ്ധിശൂന്യതയെന്നല്ലാതെ മറ്റെന്ത് പറയാനാണ്

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ(Rajasthan Royals) മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് (Punjab Kings)സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെ(Chris Gayle) പുറത്തിരുത്തിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. പിറന്നാള്‍ ദിനത്തില്‍ ഗെയ്‌ലിനെ കളിപ്പിക്കാതിരുന്ന പഞ്ചാബിന്‍റെ തീരുമാനം അമ്പരപ്പിച്ചുവെന്ന് ഗവാസ്കര്‍ പറഞ്ഞു.

ലോകത്തെ എല്ലാ ടി20 ലീഗുകളിലും മികവ് കാട്ടിയിട്ടുള്ള കളിക്കാരനാണ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റില്‍ അസാമാന്യ പ്രകടനം പുറത്തെടുത്തിടുത്തിട്ടുള്ള ഗെയ്‌ലിനെപ്പോലൊരു താരത്തെ അയാളുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിരുത്താനുള്ള തീരുമാനത്തെ ബുദ്ധിശൂന്യതയെന്നല്ലാതെ മറ്റെന്ത് പറയാനാണ്-ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

അതേസമയം, മത്സരത്തിന് തൊട്ടുമുമ്പ് ഗെയ്‌ലിനെ അഭിമുഖം നടത്തിയ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണും പഞ്ചാബിന്‍റെ തീരുമാനത്തെ വിമര്‍ശിച്ചു. പിറന്നാള്‍ ദിനത്തില്‍ യൂണിവേഴ്സല്‍ ബോസിനെ പുറത്തിരുത്തിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു.

ഗെയ്ല്‍ തന്നെയാവും ഇക്കാര്യത്തില്‍ തങ്ങളെക്കാള്‍ കൂടുതല്‍ നിരാശന്‍. കാരണം, ഞാനദ്ദേഹത്തോട് ഇപ്പോള്‍ സംസാരിച്ചതേയുള്ളു. പിറന്നാള്‍ ദിനത്തില്‍ കളിക്കാനിറങ്ങുന്നതിനെക്കുറിച്ച് അത്രമാത്രം സന്തോഷത്തിലും വികാരഭരിതനുമായിരുന്നു അദ്ദേഹം.

അദ്ദേഹത്തെ എപ്പോഴെങ്കിലും കളിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഇന്നാകണമായിരുന്നു. പഞ്ചാബ് ടീം എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

സീസണില്‍ ഇതുവരെ പഞ്ചാബ് കുപ്പായത്തില്‍ ഫോമിലേക്ക് ഉയരാന്‍ ഗെയ്‌ലിനായിട്ടില്ല. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 25.42 ശരാശരിയില്‍ 178 റണ്‍സാണ് ഗെയ്‌ലിന്‍റെ സമ്പാദ്യം. 46 റണ്‍സാണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 133 പ്രഹരശേഷിയില്‍ 20 ഫോറും എട്ട് സിസ്കും ഇത്തവണ ഗെയ്ല്‍ പറത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!