മൊഞ്ചേറിയ അഞ്ച് വിക്കറ്റ്; നേട്ടങ്ങള്‍ വാരിക്കൂട്ടി അര്‍ഷ്‌ദീപ് സിംഗ്, പിന്നിലായവരില്‍ ഇശാന്തും

By Web TeamFirst Published Sep 21, 2021, 10:21 PM IST
Highlights

രാജസ്ഥാന്‍ റോയല്‍സിനെതിരെ നാല് ഓവറില്‍ 32 റണ്‍സിനാണ് അര്‍ഷ്‌ദീപ് സിംഗ് അഞ്ച് വിക്കറ്റ് പേരിലാക്കിയത്

ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) എതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് പഞ്ചാബ് കിംഗ്‌സ്(Punjab Kings) പേസര്‍ അര്‍ഷ്‌ദീപ് സിംഗ്(Arshdeep Singh). ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം, അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരങ്ങളിലെ മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനം എന്നിവയുടെ റെക്കോര്‍ഡാണ് അര്‍ഷ്‌ദീപ് പേരിലാക്കിയത്. 

രാജസ്ഥാന്‍ റോയല്‍സിനെതിരെ നാല് ഓവറില്‍ 32 റണ്‍സിനാണ് അര്‍ഷ്‌ദീപ് സിംഗ് അഞ്ച് വിക്കറ്റ് പേരിലാക്കിയത്. 22 വയസും 228 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്‍റെ ഈ സമ്പാദ്യം. 21 വയസും 204 ദിവസവും പ്രായമുള്ളപ്പോള്‍ നേട്ടത്തിലെത്തിയ ജയ്‌ദേവ് ഉനദ്‌ഘട്ടും 22 വയസും 168 ദിവസവും പ്രായമുള്ളപ്പോള്‍ നേട്ടം സ്വന്തമാക്കിയ അല്‍സാരി ജോസഫും മാത്രമാണ് അര്‍ഷ്‌ദീപിന് മുന്നിലുള്ളത്. അതേസമയം 22 വയസും 237 ദിവസവും പ്രായമുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് കൊയ്‌ത് ഇശാന്ത് ശര്‍മ്മ പിന്നിലായി. 

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളിലെ മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനം കൂടിയാണ് അര്‍ഷ്‌ദീപ് നടത്തിയത്. 14 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ അങ്കിത് രജ്‌പുത്, 20 റണ്‍സിന് അഞ്ച് പേരെ മടക്കിയ വരുണ്‍ ചക്രവര്‍ത്തി, 27 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഹര്‍ഷാല്‍ പട്ടേല്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒരു താരം അഞ്ച് വിക്കറ്റ് നേടുന്നത് രണ്ടാമത്തെ മാത്രം തവണയാണ് എന്ന സവിശേഷതയുമുണ്ട്. മുമ്പ് അനില്‍ കുംബ്ലെ അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയിരുന്നു. 

അഞ്ച് വിക്കറ്റുമായി അര്‍ഷ്‌ദീപ്

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിംഗാണ് 200 കടക്കേണ്ടിയിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ 20 ഓവറില്‍ 185ല്‍ തളച്ചത്. നാല് ഓവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി ഉറച്ച പിന്തുണ നല്‍കി. എവിന്‍ ലൂയിസ്(36), ലയാം ലിവിംഗ്‌സ്റ്റണ്‍(25), മഹിപാല്‍ ലോംറോര്‍(43), ചേതന്‍ സക്കരിയ(7), കാര്‍ത്തിക് ത്യാഗി(1) എന്നിവരെ അര്‍ഷ്‌ദീപ് പുറത്താക്കി. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 49 റണ്‍സ് നേടിയപ്പോള്‍ നായകന്‍ സ‍‌ഞ്ജു സാംസണ്‍ നാല് റണ്‍സില്‍ പുറത്തായി. ഇഷാന്‍ പോരലും ഹര്‍പ്രീത് ബ്രാറും ഓരോ വിക്കറ്റ് നേടി. 

തിരിച്ചടിക്കാന്‍ സഞ്ജുവും കൂട്ടരും

സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിട്ടും രാജസ്ഥാന് ജയം നേടാനായിരുന്നില്ല. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ സഞ്ജു(119) സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ നാലു റണ്‍സിന് തോല്‍ക്കുകയായിരുന്നു.

Read more...

ഐപിഎല്‍: തകര്‍ത്തടിച്ച് ലോമറോറും ജയ്‌സ്വാളും, നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍

ഫാബുലസ് ഫാബിയാന്‍ അലന്‍! ആരും നമിക്കുന്നൊരു ക്യാച്ച് - വീഡിയോ

പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!