
ദുബായ്: ഐപിഎല്ലില്‍ (IPL 2021)ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) ആറ് വിക്കറ്റിന് വീഴ്ത്തി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ് (Punjab Kings) 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ 13 ഓവറില്‍ ലക്ഷ്യത്തിലെത്തി. 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്സും പറത്തി 98 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലാണ് പഞ്ചാബിന്‍റെ വിജയം അനായാസമാക്കിയത്. 13 റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 134-6, പഞ്ചാബ് കിംഗ്സ് 13 ഓവറില്‍ 139-4.
13 ഓവറില്‍ വിജയലക്ഷ്യം അടിച്ചെടുത്തതോടെ പഞ്ചാബ് കിംഗ്സ് പോയന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുംബൈയെക്കാള്‍(-0.048) മികച്ച നെറ്റ് റണ്‍റേറ്റാണ് പഞ്ചാബിന്(-0.001) ഇപ്പോഴുള്ളത്. അവസാന മത്സരത്തില്‍ മുംബൈ ഹൈദരാബാദിനോടും കൊല്‍ക്ക രാജസ്ഥാനോടും തോറ്റാല്‍ പഞ്ചാബിന് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത അവശേഷിക്കുന്നുണ്ട്. തോറ്റെങ്കിലും ചെന്നൈ തന്നെയാണ് രണ്ടാം സ്ഥാനത്ത്.
ചെന്നൈയുടെ ടോട്ടല്‍ ഒറ്റക്ക് അടിച്ചെടുത്ത് രാഹുല്‍
ചെന്നൈ ബാറ്റര്‍ർമാര്‍ എല്ലാവരും ചേര്‍ന്ന് അടിച്ചെടുത്ത 134 റണ്‍സ് പഞ്ചാബിനുവേണ്ടി രാഹുല്‍ ഒറ്റക്ക് അടിച്ചെടുക്കുന്നതാണ് കണ്ടത്. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച രാഹുല്‍ 4.3 ഓവറില്‍ പഞ്ചാബിനെ 46 റണ്‍സിലെത്തിച്ചു. മായങ്ക് അഗര്‍വാളിനെ(12)യും തൊട്ടുപിന്നാലെ സര്‍ഫ്രാസ് ഖാനെയും(0) നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ പഞ്ചാബ് 51 റണ്‍സടിച്ചു. പവര്‍പ്ലേക്കുശേഷവും അടി തുടര്‍ന്ന രാഹുല്‍ ചെന്നൈ ബൗളര്‍മാരെ അതിര്‍ക്കപ്പുറത്തേക്ക് പറത്തി 25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.
അടുത്ത് നേരിട്ട 17 പന്തില്‍ 48 റണ്‍സ് കൂടി നേടി പഞ്ചാബിന്‍റെ വിജയം അനായാസമാക്കുകയും െച്യതു. ഇതിനിടെ ഷാരൂഖ് ഖാനെയും(8), ഏയ്ഡന്‍ മാര്‍ക്രത്തെയും(13) നഷ്ടമായെങ്കിലും അതൊന്നും പഞ്ചാബിന്‍റെ വിജയക്കുത്തിപ്പിന് തടഞ്ഞില്ല. മൂന്ന് റണ്‍സുമായി മോയിസ് ഹെന്‍റിക്കസ് രാഹുലിനൊപ്പം വിജയത്തില്‍ കൂട്ടായി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ധോണി (MS Dhoni) ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ ഡൂപ്ലെസിക്കൊപ്പം(55 പന്തില്‍ 76) രവീന്ദ്ര ജഡേജ(15) നടത്തിയ പോരാട്ടമാണ് ചെന്നൈയെ 100 കടത്തിയത്. നാല് ബാറ്റര്‍മാര്‍ മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്നത്. പഞ്ചാബിനായി അര്‍ഷദീപ് സിംഗും ക്രിസ് ജോര്‍ദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!