ഐപിഎല്‍: കൈവിട്ടു കളിച്ച കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി പ‍ഞ്ചാബ്

Published : Oct 01, 2021, 11:37 PM ISTUpdated : Oct 01, 2021, 11:39 PM IST
ഐപിഎല്‍: കൈവിട്ടു കളിച്ച കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി പ‍ഞ്ചാബ്

Synopsis

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മായങ്ക് അഗര്‍വാള്‍ നല്‍കിയ അനായാസ ക്യാച്ച് കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ നിലത്തിട്ടു. പിന്നീട് തകര്‍ത്തടിച്ച മായങ്ക് 27 പന്തില്‍ 40 റണ്‍സടിച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പം പഞ്ചാബ് ജയത്തിന് അടിത്തറയിട്ടു.

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) ആറ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി പഞ്ചാബ് കിംഗ്സ്(Punjab Kings). കൊല്‍ക്കത്ത ഉയര്‍ത്തി166 റണ്‍സ് വിജയലക്ഷ്യം ഓവറും പന്തുകളും ബാക്കി നിര്‍ത്തി പഞ്ചാബ് മറികടന്നു. 55 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ(KL Rahul) അര്‍ധസെഞ്ചുറിയാണ് പഞ്ചാബിന് ജയമൊരുക്കിയത്. ഒമ്പത് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാന്‍റെ(Shahrukh Khan) പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 165-7, പഞ്ചാബ് കിംഗ്സ് 19.3 ഓവറില്‍ 168-5.

കൈവിട്ട് കളിച്ച് കൊല്‍ക്കത്ത, പടിക്കല്‍ കലമുടക്കാതെ പഞ്ചാബ്

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മായങ്ക് അഗര്‍വാള്‍ നല്‍കിയ അനായാസ ക്യാച്ച് കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ നിലത്തിട്ടു. പിന്നീട് തകര്‍ത്തടിച്ച മായങ്ക് 27 പന്തില്‍ 40 റണ്‍സടിച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പം പഞ്ചാബ് ജയത്തിന് അടിത്തറയിട്ടു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സടിച്ച മായങ്കും രാഹുലും ഓപ്പണിംഗ് വിക്കറ്റില്‍ 71 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നീടെത്തിയ നിക്കോളാസ് പുരാനെ രാഹുല്‍ ത്രിപാഠി തുടക്കത്തിലെ കൈവിട്ടു.

എന്നാല്‍ വീണു കിട്ടിയ ജീവന്‍ മുതലാക്കാന്‍ പുരാനായില്ല. ചക്രവര്‍ത്തിയുടെ പന്തില്‍ ശിവം മാവിക്ക് ക്യാച്ച് നല്‍കി പുരാന്‍(12) മടങ്ങി. 44 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുല്‍ ഒരറ്റത്ത് നിലയുറപ്പിച്ച് പഞ്ചാബിന്‍റെ പ്രതീക്ഷ കാത്തു. എയ്ഡന്‍ മാര്‍ക്രത്തെ(18) സുനില്‍ നരെയ്നും ദീപക് ഹൂഡയെ(3) ശിവം മാവിയും വീഴ്ത്തിയപ്പോള്‍ പഞ്ചാബ് ഒരിക്കല്‍ കൂടി പടിക്കല്‍ കലമുടക്കുമെന്ന് കരുതിയെങ്കിലും ഷാരൂഖ് ഖാന്‍റെ ക്യാച്ച് ബൗണ്ടറിയില്‍ വെങ്കിടേഷ് അയ്യര്‍ക്ക് കൈപ്പിടിയിലൊതുക്കാനാവാഞ്ഞതും രാഹുലിനെ ത്രിപാഠി പറന്നു പിടിച്ചെങ്കിലും പന്ത് നിലത്ത് തട്ടിയെന്ന് റീപ്ലേയില്‍ അമ്പയര്‍ വിധിച്ചതും പഞ്ചാബിന് അനുഗ്രഹമായി.

വിജയത്തിനരികെ അവസാന ഓവറില്‍ നാലു പന്തില്‍ നാലു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ കെ എല്‍ രാഹുല്‍ പുറത്തായതോടെ പഞ്ചാബ് വീണ്ടും സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അടുത്ത പന്തില്‍ ഷാരൂഖ് ഖാന്‍ നല്‍കിയ ക്യാച്ച് രാഹുല്‍ ത്രിപാഠിക്ക് കൈപ്പിടിയില്‍ ഒതുക്കാനായില്ല. പന്ത് സിക്സാവുകയും ചെയ്തതോടെ പ‍ഞ്ചാബ് പടിക്കല്‍ കലമുടക്കാതെ വിജയവര കടന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെ(Venkatesh Iyer) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തത്. 49 പന്തില്‍ 67 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. പഞ്ചാബിനായി അര്‍ഷദീപ് സിംഗ് മൂന്നും രവി ബിഷ്ണോയി രണ്ടും വിക്കറ്റെടുത്തു.

നിരാശപ്പെടുത്തി ഗില്‍, തകര്‍ത്തടിച്ച് അയ്യര്‍

ആദ്യ രണ്ടോവറില്‍ 17 റണ്‍സടിച്ച് നല്ല തുടക്കമിട്ട കൊല്‍ക്കത്തക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ േഴ് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ വീഴ്ത്തി അര്‍ഷദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠിയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്തയെ പവര്‍ പ്ലേയില്‍ 48 റണ്‍സിലെത്തിച്ചു. ത്രിപാഠിയുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അയ്യര്‍ കൊല്‍ക്കത്തയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ത്രിപാഠിയെൾ26 പന്തില്‍ 34) മടക്കി രവി ബിഷ്ണോയ് കൊല്‍ക്കത്തക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ ത്രിപാഠി-അയ്യര്‍ സഖ്യം 72 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

വീണ്ടും നിരാശപ്പെടുത്തി മോര്‍ഗന്‍, നിതീഷ് റാണയുടെ പോരാട്ടം

പതിനഞ്ചാം ഓവറില്‍ വെങ്കിടേഷ് അയ്യരെ(567) വീഴ്ത്തി രവി ബിഷ്ണോയ് വമ്പന്‍ സ്കോറിലേക്കുള്ള കൊല്‍ക്കത്തയുടെ കുതിപ്പ് തടഞ്ഞു. പിന്നീട് വന്നവരില്‍ നിതീഷ് റാണക്ക് മാത്രമെ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കിയുള്ളു. 18 പന്തില്‍ 31 റണ്‍സെടുത്ത നിതീഷ് റാണയെ പതിനെട്ടാം ഓവറില്‍ അര്‍ഷദീപ് മടക്കിയതോടെ 170 കടക്കുമെന്ന് കരുതിയ കൊല്‍ക്കത്ത സ്കോര്‍ 165 റണ്‍സിലൊതുങ്ങി. ദിനേശ് കാര്‍ത്തിക്ക്(11), ടിം സീഫര്‍ട്ട്(2) എന്നിവര്‍ക്ക് തിളങ്ങാനാവാഞ്ഞത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. വിക്കറ്റുകളുണ്ടായിട്ടും അവസാന ആറോവറില്‍ 50 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍