സ്‌റ്റോക്‌സിന് പകരം ഡസ്സണ്‍? ഉടന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Apr 24, 2021, 5:20 PM IST
Highlights

ഇതിനിടെ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ലിയാം ലിവിങ്സ്റ്റണ്‍ ബയോ ബബിള്‍ സര്‍ക്കിളില്‍ ഇരിക്കേണ്ട ബുദ്ധിമുട്ടിനെ തുടര്‍ന്ന് പിന്മാറി.

മുംബൈ: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റും. ഡല്‍ഹി കാപിറ്റല്‍സിനെതിരെ നേടിയ ഒരു ജയം മാത്രമാണ് ആശ്വാസം. ഇതിനിടെ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ലിയാം ലിവിങ്സ്റ്റണ്‍ ബയോ ബബിള്‍ സര്‍ക്കിളില്‍ ഇരിക്കേണ്ട ബുദ്ധിമുട്ടിനെ തുടര്‍ന്ന് പിന്മാറി. 

സ്റ്റോക്‌സാണ് ആദ്യം നാട്ടിലേക്ക് മടങ്ങിയത്. പകരമൊരു താരത്തെ രാജസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ആ സ്ഥാനത്തേക്ക് ഒരു പേര് ഉയര്‍ന്നു കേള്‍ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ഡസ്സണിന്റേതാണത്. അദ്ദേഹം ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കരാറിനായി ദക്ഷിണാഫ്രിക്കന്‍ താരത്തെ സമീപിച്ചിരുന്നു. ഫിറ്റനെസ് പാസാകുന്ന വേളയില്‍ ഔദ്യോഗിക വിവരം പുറത്തുവിടും.

32കാരനായ ഡസ്സണ്‍ ഇതുവരെ ഐപിഎല്ലിന്റെ ഭാഗമായിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കായി 20 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 41.87 ശരാശരിയില്‍ 628 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. അടുത്തിടെ പാകിസ്ഥാനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഏകദിനങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 183 റണ്‍സ് നേടി. രണ്ട് ടി20 മത്സരങ്ങളില്‍ ശരാശരിയില്‍ 86 റണ്‍സും സ്വന്തമാക്കി.

രാജസ്ഥാന്റെ ബാറ്റിംഗ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.

click me!