Latest Videos

മുംബൈയെ എറിഞ്ഞിട്ട ഹാട്രിക്ക്, ഹര്‍ഷലിന് റെക്കോര്‍ഡ്

By Gopalakrishnan CFirst Published Sep 27, 2021, 8:48 AM IST
Highlights

പ്രവീണ്‍ കുമാറും സാമുവല്‍ ബദ്രിയുമാണ് ഹര്‍ഷലിന് മുമ്പ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയവര്‍. മത്സരത്തിലാകെ 17 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെചുത്ത ഹര്‍ഷല്‍ ബാംഗ്ലൂരിന് മറ്റൊരു അപൂര്‍വ നേട്ടവും കൂടി സമ്മാനിച്ചു.

ദുബായ്: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) എറിഞ്ഞൊതുക്കിയ ഹാട്രിക്ക്(Hat-Trick) നേട്ടത്തിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Banglore) ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel)ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചതിനൊപ്പം സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകളും.  ഈ ഐപിഎല്‍ സീസണില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറും ഐപിഎല്‍ ചരിത്രത്തില്‍ ഹാട്രിക്ക് സ്വന്തമാക്കുന്ന മൂന്നാമത്തെ ബാംഗ്ലൂര്‍ താരവുമാണ് ഹര്‍ഷല്‍.

പ്രവീണ്‍ കുമാറും സാമുവല്‍ ബദ്രിയുമാണ് ഹര്‍ഷലിന് മുമ്പ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയവര്‍. മത്സരത്തിലാകെ 17 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെചുത്ത ഹര്‍ഷല്‍ ബാംഗ്ലൂരിന് മറ്റൊരു അപൂര്‍വ നേട്ടവും കൂടി സമ്മാനിച്ചു. ഐപിഎല്ലില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സിനെ ഓള്‍ ഔട്ടാക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി.

ബാംഗ്ലൂരിനെതിരെ മികച്ച തുടക്കമിട്ട മുംബൈ വിജയപ്രതീക്ഷയിലായിരുന്നു ബാറ്റ് വീശിയത്. എന്നാല്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ തകര്‍ന്നടിഞ്ഞ മുംബൈക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ക്രീസില്‍ നില്‍ക്കുമ്പോഴും വിജയപ്രതീക്ഷയുണ്ടായിരുന്നു.

പതിനേഴാം ഓവറിലാണ് മുംബൈയുടെ പ്രതീക്ഷകളെ എറിഞ്ഞുവീഴ്ത്തിയ ഹര്‍ഷലിന്‍റെ ഹാട്രിക്ക് പിറന്നത്. ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക്കിനെ മനോഹരമായൊരു സ്ലോ ബോളില്‍ ക്യാപ്റ്റന്‍ കോലിയുടെ കൈകളില്‍ എത്തിച്ച ഹര്‍ഷല്‍ അടുത്ത പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ലെഗ് സ്റ്റംപ് പിഴുതു. ഹാട്രിക്ക് പന്തില്‍ രാഹുല്‍ ചാഹറിനെ മറ്റൊരു സ്ലോ യോര്‍ക്റില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പട്ടേല്‍ ഹാട്രിക്ക് തികച്ചതിനൊപ്പം മുംബൈയുടെ തോല്‍വി ഉറപ്പാക്കുകയും ചെയ്തു.

മുംബൈക്കെതിരായ ജയത്തോടെ 14 പോയന്‍റുമായി മൂന്നാം സ്ഥാനം ഉറപ്പിച്ച ബാംഗ്ലൂര്‍ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു. ശേഷിക്കുന്ന 4 മത്സരങ്ങളില്‍ ഒന്ന് ജയിച്ചാലും ബാംഗ്ലൂരിന് പ്ലേ ഓഫ് പ്രതീക്ഷ കാക്കാം. എന്നാല്‍ ബാംഗ്ലൂരിനെതിരായ വമ്പന്‍ തോല്‍വിയോടെ എട്ടു പോയന്‍റുമായിഏഴാം സ്ഥാനത്തേക്ക് പതിച്ച നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലെ പ്ലേ ഓഫ് പ്രതീക്ഷ വെക്കാനാവു. മോശം നെറ്റ് റണ്‍റേറ്റും മുന്നോട്ടുള്ള വഴിയില്‍ മുംബൈക്ക് കനത്ത തിരിച്ചടിയാവും.

click me!