പഞ്ചാബിന് ഇരുട്ടടി കൊടുത്ത് കോലിപ്പട; ആര്‍സിബി പ്ലേ ഓഫില്‍

By Web TeamFirst Published Oct 3, 2021, 7:23 PM IST
Highlights

മറുപടി ബാറ്റിംഗില്‍ അതിഗംഭീര തുടക്കമാണ് കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും പ‌ഞ്ചാബിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ രാഹുലും മായങ്കും 91 റണ്‍സ് ചേര്‍ത്ത ശേഷമാണ് പഞ്ചാബിന്‍റെ തോല്‍വി. 

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്‌സിന്‍റെ(Punjab Kings) പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസില്‍. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട്(Royal Challengers Bangalore) ആറ് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെയാണിത്. ആര്‍സിബി മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 158 റണ്‍സേ നേടാനായുള്ളൂ. ആദ്യ വിക്കറ്റില്‍ രാഹുലും(KL Rahul), മായങ്കും(Mayank Agarwal) 91 റണ്‍സ് ചേര്‍ത്ത ശേഷമാണ് പഞ്ചാബിന്‍റെ തോല്‍വി. ജയത്തോടെ ആര്‍സിബി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. 

വീണ്ടും രാഹുല്‍-മായങ്ക്

മറുപടി ബാറ്റിംഗില്‍ അതിഗംഭീര തുടക്കമാണ് കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും പ‌ഞ്ചാബിന് നല്‍കിയത്. 6.1 ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചു. 11-ാം ഓവറില്‍ ടീം സ്‌കോര്‍ 91ല്‍ നില്‍ക്കേ ഷെഹ്‌ബാസാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 35 പന്തില്‍ 39 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ ഹര്‍ഷാലിന്‍റെ കൈകളിലെത്തി. ചാഹല്‍ എറിഞ്ഞ 13-ാം ഓവറില്‍ മായങ്ക്(36 പന്തില്‍) അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ ഇതേ ഓവറില്‍ പുരാന്‍(7 പന്തില്‍ 3) പടിക്കലിന് ക്യാച്ച് നല്‍കി മടങ്ങി. തൊട്ടടുത്ത പന്തില്‍ ടീം സ്‌കോര്‍ 100 തികഞ്ഞു.  

എറിഞ്ഞ് തിരിച്ച് ചാഹല്‍

അര്‍ധ സെഞ്ചുറിക്ക് പിന്നാലെ 16-ാം ഓവറില്‍ മായങ്കിനെയും(42 പന്തില്‍ 57) ചാഹല്‍ മടക്കി. മൂന്ന് പന്തിന്‍റെ ഇടവേളയില്‍ സര്‍ഫറാസ് ഖാനും(0) ചാഹലിന് മുന്നില്‍ ബൗള്‍ഡായി. ഗാര്‍ട്ടന്‍റെ അടുത്ത ഓവറില്‍ എയ്‌ഡന്‍ മര്‍ക്രാം(14 പന്തില്‍ 20) ക്രിസ്റ്റ്യാന്‍റെ കൈകളിലെത്തിയതോടെ പഞ്ചാബ് 127-5 എന്ന നിലയില്‍ പ്രതിരോധത്തിലായി. അവസാന രണ്ട് ഓവറില്‍ 27 റണ്‍സാണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹര്‍ഷാലിന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഷാരൂഖ് ഖാന്‍(11 പന്തില്‍ 16) റണ്ണൗട്ടായി. പഞ്ചാബ് തോല്‍ക്കുമ്പോള്‍ ഹെന്‍‌റിക്വസും(12*), ഹര്‍പ്രീതും(3*) ക്രീസിലുണ്ടായിരുന്നു. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ(Glenn Maxwell) വെടിക്കെട്ടില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 164  റണ്‍സ് നേടി. പഞ്ചാബിനായി മൊയ്‌സസ് ഹെന്‍‌റിക്വസും(Moises Henriques), മുഹമ്മദ് ഷമിയും(Mohammed Shami) മൂന്ന് വിക്കറ്റ് വീതം നേടി. 

റണ്‍പടി കയറി പടിക്കല്‍, പിടിയിട്ട് ഹെന്‍‌റിക്വസ്

പവര്‍പ്ലേയില്‍ മിന്നും തുടക്കമാണ് വിരാട് കോലിയും ദേവ്‌ദത്ത് പടിക്കലും ആര്‍സിബിക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ ആര്‍സിബി വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സെടുത്തു. എന്നാല്‍ ടീമിലിടം കിട്ടിയ മൊയ്‌സസ് ഹെന്‍‌റിക്വസ് ആര്‍സിബിക്ക് കനത്ത തിരിച്ചടി നല്‍കി. 10-ാം ഓവറിലെ നാലാം പന്തില്‍ വിരാട് കോലിയും(24 പന്തില്‍ 25), അഞ്ചാം പന്തില്‍ ഡാനിയേല്‍ ക്രിസ്റ്റ്യനും(1 പന്തില്‍ 0) പുറത്ത്. കോലി ബൗള്‍ഡായപ്പോള്‍ സര്‍ഫറാസിനായിരുന്നു ക്രിസ്റ്റ്യന്‍റെ ക്യാച്ച്. ഒരോവറിന്‍റെ ഇടവേളയില്‍ വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ ദേവ്‌‌ദത്ത് പടിക്കിലിനെ(38 പന്തില്‍ 40) രാഹുലിന്‍റെ കൈകളിലെത്തിച്ചു. ഒരുവേള 68-1 എന്ന നിലയിലായിരുന്ന ആര്‍സിബി ഇതോടെ 73-3. 

മാക്‌സി വെടിക്കെട്ട്, ഷമിക്ക് മൂന്ന് വിക്കറ്റ്

എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും എ ബി ഡിവില്ലിയേഴ്‌സും ക്രീസിലൊന്നിച്ചതോടെ ആര്‍സിബി ശക്തമായി തിരിച്ചെത്തി. 29 പന്തില്‍ മാക്‌സി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 19-ാം ഓവറിലെ ആദ്യ പന്തില്‍ സര്‍ഫറാസിന്‍റെ നേരിട്ടുള്ള ത്രോ എബിഡിയുടെ(18 പന്തില്‍ 23) വിക്കറ്റ് തെറിപ്പിച്ചു. ഷമിയുടെ അവസാന ഓവറില്‍ മാക്‌സ്‌വെല്ലും(33 പന്തില്‍ 57), ഷെഹ്‌ബാസും(4 പന്തില്‍ 8), ഗാര്‍ട്ടണും(1 പന്തില്‍ 0) പുറത്തായി. ശ്രീകറും(0*), ഹര്‍ഷാലും(1*) പുറത്താകാതെ നിന്നു. 

മൂന്ന് മാറ്റങ്ങളുമായി പഞ്ചാബ്

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിനെ ആര്‍സിബി നിലനിര്‍ത്തി. അതേസമയം പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ഫാബിയന്‍ അലന്‍ പകരം ഹര്‍പ്രീത് ബ്രാറും ദീപക് ഹുഡയ്‌ക്ക് പകരം സര്‍ഫറാസ് ഖാനും നേഥന്‍ എല്ലിസിന് പകരം മൊയ്‌സസ് ഹെന്‍‌റിക്വസും പ്ലേയിംഗ് ഇലവനിലെത്തി. 

ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടന്‍, ഷെഹ്‌ബാസ് അഹമ്മദ്, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

പഞ്ചാബ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളസ് പുരാന്‍, സര്‍ഫറാസ് ഖാന്‍, ഷാരൂഖ് ഖാന്‍, മൊയ്‌സസ് ഹെന്‍‌റിക്വസ്, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിംഗ്. 

click me!