ഐപിഎല്‍: മുംബൈയെ എറിഞ്ഞിട്ട് ഹര്‍ഷാല്‍ പട്ടേല്‍; ബാംഗ്ലൂരിന് 160 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Apr 9, 2021, 9:28 PM IST
Highlights

35 പന്തില്‍ 49 റണ്‍സെടുത്ത ലിന്നാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ്(23 പന്തില്‍ 31), ഇഷാന്‍ കിഷന്‍(19 പന്തില്‍ 28) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(15 പന്തില്‍ 19), ഹര്‍ദ്ദിക് പാണ്ഡ്യയും(10 പന്തില്‍ 13), കീറോണ്‍ പൊള്ളാര്‍ഡും(9 പന്തില്‍ 7), ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 7) നിരാശപ്പെടുത്തി.

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷാല്‍ പട്ടേലാണ് മുംബൈയുടെ കുതിപ്പ് തടഞ്ഞത്.

35 പന്തില്‍ 49 റണ്‍സെടുത്ത ലിന്നാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ്(23 പന്തില്‍ 31), ഇഷാന്‍ കിഷന്‍(19 പന്തില്‍ 28) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(15 പന്തില്‍ 19), ഹര്‍ദ്ദിക് പാണ്ഡ്യയും(10 പന്തില്‍ 13), കീറോണ്‍ പൊള്ളാര്‍ഡും(9 പന്തില്‍ 7), ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 7) നിരാശപ്പെടുത്തി.ലൈവ് സ്കോര്‍ ബോര്‍ഡ്.

ഹിറ്റ് തുടങ്ങി പിന്നാലെ ഹിറ്റ്മാന്‍ പുറത്ത്

മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം ഓവറിലാണ് മുംബൈ ആദ്യ ബൗണ്ടറി നേടിയത്. രോഹിത്തിന്‍റെ ബാറ്റില്‍ നിന്നായിരുന്നു ആദ്യ ബൗണ്ടറി.  ചാഹല്‍ എറിഞ്ഞ നാലാം ഓവറില്‍ ക്രിസ് ലിന്‍ ഭാഗ്യത്തിന്‍റെ അകടമ്പടിയോടെ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നു. ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് വിക്കറ്റില്‍ തട്ടാതെ ബൗണ്ടറി കടന്നു. ചാഹലിനെ സിക്സടിച്ച് രോഹിത് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആ ഓവറിലെ അവസാന പന്തില്‍ രോഹിത് റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി. ചാഹല്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്സും ബൗണ്ടറിയും നേടി മുംബൈ പവര്‍ പ്ലേയില്‍ 41 റണ്‍സിലെത്തി.

തകര്‍ത്തടിച്ച് ലിന്നും സൂര്യകുമാറും

രോഹിത് ശര്‍മയുടെ നഷ്ടമറിയാതെ ക്രിസ് ലിന്നും സൂര്യകുമാറും തകര്‍ത്തടിച്ചതോടെ മുംബൈ വമ്പന്‍ സ്കോര്‍ സ്വപ്നം കണ്ടു. പതിനൊന്നാം ഓവറില്‍ ഇരുവരും ചേര്‍ന്ന് മുംബൈയെ 94 റണ്‍സിലെത്തിച്ചു. എന്നാല്‍ സൂര്യകുമാറിനെ ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച് ജമൈസണ്‍ രണ്ടാം പ്രരമേല്‍പ്പിച്ചതോടെ മുംബൈ കിതച്ചു. ക്രിസ് ലിന്നിനെ വാഷിംഗ്ടണ്‍ സുന്ദര്‍ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കി.

പ്രതീക്ഷ നല്‍കി ഇഷാന്‍, എറിഞ്ഞിട്ട് ഹര്‍ഷാല്‍ പട്ടേല്‍

ഹര്‍ദ്ദിക് പാണ്ഡ്യ(10 പന്തില്‍ 13)കാര്യമായൊന്നും ചെയ്യാനാവാതെ മടങ്ങിയപ്പോള്‍ ഇഷാന്‍ കിഷന്‍റെ ഇന്നിംഗ്സിന്‍റെ ബലത്തിലാണ് മുംബൈക്ക് മധ്യ ഓവറുകളില്‍ പിടിച്ചു നിന്നത്. 19 പന്തില്‍ 28 റണ്‍സടിച്ച ഇഷാനെ ഹര്‍ഷ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനാവാതെ മുംബൈ വലഞ്ഞു. അവസാന ഓവറിലെ മൂന്ന് വിക്കറ്റ് അടക്കം അ‍ഞ്ച് വിക്കറ്റെടുത്ത ഹര്‍ഷാല്‍ പട്ടേല്‍ ഐപിഎല്ലിലെ ഉദ്ഘാടന മത്സരം അതിഗംഭീരമാക്കി. പതിനഞ്ചാം ഓവറില്‍ 128 റണ്‍സിലെത്തിയ മുംബൈക്ക് അവസാന അഞ്ചോവറില്‍ 31 റണ്‍സ് മാത്രമാണ് നേടനായത്.
 
നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെലും കിവീസ് പേസര്‍ ജമൈസണും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ചപ്പോള്‍ കൊവിഡ് മുക്തനായെങ്കിലും മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ അഭാവത്തില്‍ മുംബൈ ടീമില്‍ ക്രിസ് ലിന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ ഉയരക്കാരന്‍ പേസര്‍ മാര്‍ക്കോ ജെന്‍സനും മുംബൈക്കായി അരങ്ങേറ്റം കുറിക്കുന്നു.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Chris Lynn, Suryakumar Yadav, Ishan Kishan(w), Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Marco Jansen, Trent Boult, Jasprit Bumrah.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍:  Virat Kohli(c), Rajat Patidar, AB de Villiers(w), Glenn Maxwell, Daniel Christian, Washington Sundar, Kyle Jamieson, Harshal Patel, Mohammed Siraj, Shahbaz Ahmed, Yuzvendra Chahal.

click me!