'ഡോക്‌ടര്‍മാരാകാന്‍ കഴിയില്ലെങ്കിലും സഹായികളാവാം'; സാലറിയുടെ 10 ശതമാനം നല്‍കി ഉനദ്‌കട്ട്

By Web TeamFirst Published Apr 30, 2021, 6:16 PM IST
Highlights

ഐപിഎല്‍ സാലറിയുടെ 10 ശതമാനം തുകയാണ് രാജസ്ഥാന്‍ താരം കൊവിഡ് പ്രതിരോധത്തിന് നല്‍കിയത്. 

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിരോധ പോരാട്ടത്തിന് രാജസ്ഥാന്‍ റോയല്‍സിന് പിന്നാലെ സഹായം നല്‍കി പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട്. ഐപിഎല്‍ സാലറിയുടെ 10 ശതമാനം തുകയാണ് രാജസ്ഥാന്‍ താരം കൊവിഡ് പ്രതിരോധത്തിന് നല്‍കിയത്. 

തന്‍റെ കുടുംബവും കൊവിഡ് ബാധിതമായിരുന്നു എന്ന് അടുത്തിടെ താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'ഐപിഎല്‍ വിനോദമല്ല. ഈ വര്‍ഷം ഒരു വിനോദങ്ങളുമില്ല. ഇത് ഞങ്ങള്‍ക്ക് ജോലിയാണ്. ജീവനോപാധിയാണ്, അതോടൊപ്പം ഐപിഎല്ലിന്‍റെ ഭാഗമായ ആയിരക്കണക്കിന് ആളുകളെ സഹായിക്കുന്നു. ക്രിക്കറ്റര്‍മാര്‍ എന്ന നിലയില്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ എത്തിക്കാന്‍ കഴിയുമെങ്കില്‍ അത് ഒരു സഹായമാണ്. നമുക്ക് ഡോക്‌ടര്‍മാരാകാന്‍ കഴിയില്ല. എന്നാല്‍ സഹായികളാകാന്‍ തീര്‍ച്ചയായും കഴിയും' എന്നായിരുന്നു ഉനദ്‌കട്ടിന്‍റെ വാക്കുകള്‍. 

ഉനദ്‌കട്ടിന്‍റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് 7.5 കോടി രൂപ കൊവിഡ് സഹായം പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനോടൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സും സഹായം അറിയിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പാറ്റ് കമ്മിന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ശ്രീവാത്‌സ് ഗോസ്വാമി എന്നിവരും ഐപിഎല്‍ താരങ്ങളില്‍ നിന്ന് സഹായഹസ്‌തവുമായി രംഗത്തെത്തി. മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രെറ്റ് ലീയും സഹായം അറിയിച്ചവരിലുണ്ട്. 

കമ്മിന്‍സ് തുടക്കമിട്ടത് പടരുന്നു; സഹായഹസ്‌തവുമായി നിക്കോളാസ് പുരാനും പഞ്ചാബ് ടീമും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!