Asianet News MalayalamAsianet News Malayalam

കമ്മിന്‍സ് തുടക്കമിട്ടത് പടരുന്നു; സഹായഹസ്‌തവുമായി നിക്കോളാസ് പുരാനും പഞ്ചാബ് ടീമും

മറ്റനവധി രാജ്യങ്ങളും കൊവിഡിന്‍റെ പിടിയിലാണെങ്കിലും ഇന്ത്യയിലെ സാഹചര്യം പ്രത്യേകിച്ച് ഗുരുതരമാണെന്ന് വ്യക്തമാക്കിയ പുരാന്‍ ആരാധകരോടും സഹായങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. 

IPL 2021 Nicholas Pooran donate part of salary to Indias Covid fight
Author
Delhi, First Published Apr 30, 2021, 5:29 PM IST

ദില്ലി: കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് കൈത്താങ്ങുമായി പഞ്ചാബ് കിംഗ്‌സിന്‍റെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്‌മാന്‍ നിക്കോളാസ് പുരാന്‍. തന്‍റെ ഐപിഎല്‍ സാലറിയുടെ ഒരു ഭാഗം കൊവിഡ് സഹായമായി നല്‍കുമെന്നാണ് ട്വിറ്റര്‍ വീഡിയോയിലൂടെ താരം അറിയിച്ചത്. മറ്റനവധി രാജ്യങ്ങളും കൊവിഡിന്‍റെ പിടിയിലാണെങ്കിലും ഇന്ത്യയിലെ സാഹചര്യം പ്രത്യേകിച്ച് ഗുരുതരമാണെന്ന് വ്യക്തമാക്കിയ പുരാന്‍ ആരാധകരോടും സഹായങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. 

പുരാന്‍റെ ടീമായ പഞ്ചാബ് കിംഗ്‌സും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ ഓക്‌സിജന്‍ എത്തിക്കാനുള്ള പദ്ധതികളിലാണ് പഞ്ചാബ് ടീം.  

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഐപിഎല്ലിലെ വിദേശ താരങ്ങളില്‍ ആദ്യം ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ചത്.
ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനായി 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് കമ്മിന്‍സ് കൈമാറി. പിന്നാലെ ഓസ്‌ട്രേലിയന്‍ മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഏകദേശം 41 ലക്ഷത്തോളം രൂപയും സഹായം പ്രഖ്യാപിച്ചു. 

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു കോടി രൂപ മിഷന്‍ ഓക്‌സിജന്‍ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ശ്രീവാത്‌സ് ഗോസ്വാമി ഓക്‌സിജന്‍ എത്തിക്കാന്‍ ഒരു ജീവകാരുണ്യ സംഘടനയ്‌ക്ക് 90,000 രൂപയും സംഭാവന നല്‍കി. ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും കൊവിഡ് റിലീഫ് ഫണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്‍ 7.5 കോടിയും ഡല്‍ഹി 1.50 കോടിയുമാണ് കൈമാറുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.   #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios