ഐപിഎല്‍: ഡിവില്ലിയേഴ്സിനും ജയിപ്പിക്കാനായില്ല, ആവേശപ്പോരില്‍ ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

By Web TeamFirst Published Oct 6, 2021, 11:33 PM IST
Highlights

പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തതും മത്സരത്തില്‍ നിര്‍ണായകമായി. തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാമെന്ന ബാംഗ്ലൂരിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു.

ദുബായ്: ഐപിഎല്ലില്‍(IPL 2021) അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(Royal Challengers Bangalore) നാലു റണ്‍സിന് വീഴ്ത്തി  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad). 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് അവസാന ഓവറുകളില്‍ എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും ജയത്തിലെത്താനായില്ല. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 141-7, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 137-6.

A flurry of emotions in both the camps as clinch a thriller against .

Scorecard - https://t.co/EqmOIV0UoV pic.twitter.com/6EicLI02T0

— IndianPremierLeague (@IPL)

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് നേരിട്ട ജോര്‍ജ് ഗാര്‍ട്ടന് റണ്ണെടുക്കാനായില്ല. രണ്ടാം പന്തില്‍ സിംഗിളെടുത്ത് ഡിവില്ലിയേഴ്സിന് സ്ട്രൈക്ക് കൈമാറി. ബാംഗ്ലൂരിന് ജയിക്കാന്‍ നാലു പന്തില്‍ 12 റണ്‍സ്. മൂന്നാം പന്തില്‍ ഡിവില്ലിയേഴ്സ് സിംഗിളെടുത്തില്ല. നാലാം പന്ത് സിക്സിന് പറത്തി ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തില്‍ റണ്‍ കൊടുക്കാതിരുന്ന ഭുവി ആറാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തതും മത്സരത്തില്‍ നിര്‍ണായകമായി. തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാമെന്ന ബാംഗ്ലൂരിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു.

തുടക്കം തകര്‍ച്ചയോടെ

ക്യാപ്റ്റന്‍ വിരാട് കോലിയെ(5) ആദ്യ ഓവറിലെ നഷ്ടമായ ബാംഗ്ലൂരിന് നാാലം ഓവറില്‍ ഡാന്‍ ക്രിസ്റ്റ്യനെയും(1) നഷ്ടമായതോടെ തുടക്കത്തിലെ തകര്‍ച്ചയിലായി. ശ്രീകര്‍ ഭരത്തിനും(12) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ദേവ്ദത്ത് പടിക്കലും(52 പന്തില്‍ 41), ഗ്ലെന്‍ മാക്സ്‌വെല്ലും(25 പന്തില്‍ 40) ക്രീസില്‍ ഒരുമിച്ചതോടെ ബാംഗ്ലൂര്‍ വിജയപ്രതീക്ഷയിലായി.

ഇരുവരും ചേര്‍ന്ന് ബാംഗ്ലൂരിനെ അനായാസം ജയത്തിലെത്തിക്കുമെന്ന് കരുതിയപ്പോഴാണ് പതിനഞ്ചാം ഓവറില്‍ സ്കോര്‍ 92ല്‍ നില്‍ക്കെ മാക്സ്‌വെല്‍ വില്യംസണിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത്. പതിനഞ്ചാം ഓവറില്‍ ക്രീസിലെത്തിയിട്ടും ഡിവില്ലിയേഴ്സിന് 13 പന്തുകള്‍ മാത്രമാണ് നേരിടാന്‍ കിട്ടിയത്. ഷഹബാസ് അഹമ്മദ്(9 പന്തില്‍ 14) വമ്പനടികളിലൂടെ ബാംഗ്ലൂരിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചെങ്കിലും ഡിവില്ലിയേഴ്സിന് ബാംഗ്ലൂരിനെ വിജയവര കടത്താനായില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ ജേസണ്‍ റോയിയുടെയും(44)(Jason Roy) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും(31)(Kane Williamson) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) മൂന്നും ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

click me!