
ചെന്നൈ: ഐപിഎല്ലില്‍ സീസണിലെ ആദ്യ തെക്കേ ഇന്ത്യന്‍ പോരാട്ടം ഇന്ന്. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്‌ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സും ഹൈദരാബാദും ഏറ്റുമുട്ടും. കൊവിഡ് മുക്തനായ മലയാളി താരം ദേവ്‍ദത്ത് പടിക്കൽ ഇന്ന് ആര്‍സിബിക്കായി കളിച്ചേക്കും.
രണ്ടാം ജയത്തിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. അതേസമയം തോൽവിയോടെ തുടങ്ങിയതിന്‍റെ ക്ഷീണം തീര്‍ക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിൽ പരമ്പര നേടിയ വിരാട് കോലിക്ക്, താരലേലത്തിനുശേഷം പുതിയ പ്രതീക്ഷകള്‍ ഉയര്‍ന്നെങ്കിലും മുംബൈക്കെതിരെ ആര്‍സിബിയെ കാത്തത് പതിവുപോലെ എബി ഡിവിലിയേഴ്സായിരുന്നു. കൊവിഡ് മുക്തനായി ദേവ്‌ദത്ത് പടിക്കൽ തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് കുറെക്കൂടി ഭദ്രമാകും.
വാര്‍ണറെ തളയ്ക്കാന്‍ മാക്‌സ്‌വെല്ലിനെയോ സുന്ദറിനെയോ തുടക്കത്തിലേ പന്തേൽപ്പിച്ചാൽ അത്ഭുതം വേണ്ട. സൺറൈസേഴ്സിന്‍റെ കരുത്ത് ബൗളിംഗ് എങ്കിലും ആദ്യ മത്സരത്തിൽ ഭുവനേശ്വര്‍ കുമാര്‍ മങ്ങിയത് ക്ഷീണമായി. ആര്‍സിബിയുടെ സ്‌ഫോടനാത്മക ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ റാഷീദ് ഖാന്‍ തന്നെ തുറുപ്പുചീട്ട്. കെയിന്‍ വില്ല്യംസണിന് ഇടം നൽകാന്‍ ആഗ്രഹമുണ്ടെങ്കിലും ഏത് വിദേശതാരത്തെ ഒഴിവാക്കുമെന്നതാണ് പ്രശ്നം. വിജയ് ശങ്കറിന് മുന്‍പേ ബാറ്റിംഗ് ക്രമത്തിൽ അബ്ദുൽ സമദിനെ അയക്കണമെന്ന നിര്‍ദ്ദേശവും പരിഗണനയിൽ.
നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മേൽക്കൈ ഹൈദരാബാദിനാണ്. 18 മത്സരങ്ങളില്‍ ഹൈദരാബാദിന് പത്തും ബാംഗ്ലൂരിന് ഏഴും ജയം വീതമാണുള്ളത്.
ചാഹര്‍ തുടങ്ങി, ബുമ്രയും ബോള്‍ട്ടും ഒതുക്കി; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് നാടകീയ ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!