ഡികെയുടെ തലയ്‌ക്ക് നേരെ ആഞ്ഞുവീശി റിഷഭ് പന്ത്; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്- വീഡിയോ

By Web TeamFirst Published Sep 29, 2021, 8:24 PM IST
Highlights

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സില്‍ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 17-ാം ഓവറിലായിരുന്നു ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ നാടകീയ രംഗങ്ങള്‍

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) എതിരായ മത്സരത്തില്‍ വമ്പന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്(Dinesh Karthik). തനിക്ക് മിസ്സായ പന്ത് കൊണ്ട് വിക്കറ്റ് തെറിക്കാതിരിക്കാന്‍ റിഷഭ്(Rishabh Pant) പിന്നിലേക്ക് ആഞ്ഞ് ബാറ്റ് വീശിയപ്പോള്‍ തലനാരിഴയ്‌ക്ക് കാര്‍ത്തിക് രക്ഷപ്പെടുകയായിരുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സില്‍ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 17-ാം ഓവറിലായിരുന്നു ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ നാടകീയ രംഗങ്ങള്‍. ആദ്യ പന്തില്‍ ബൗണ്ടറിക്ക് റിഷഭ് ശ്രമിച്ചെങ്കിലും മിസ്സായ പന്ത് പാഡില്‍ തട്ടി ഉയര്‍ന്നു. അബദ്ധത്തില്‍ വിക്കറ്റ് തെറിക്കാതിരിക്കാനായി കാലുകൊണ്ട് പന്ത് തട്ടിയകറ്റുന്നതിന് പകരം പിന്നിലേക്ക് ആഞ്ഞ് വീശുകയാണ് റിഷഭ് ചെയ്തത്. വിക്കറ്റിന് മുന്നിലേക്ക് ദിനേശ് കാര്‍ത്തിക് കയറിവന്നത് റിഷഭ് കണ്ടുമില്ല. റിഷഭിന്‍റെ പിന്നിലേക്കുള്ള ബാറ്റ് വീശലില്‍ ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു കാര്‍ത്തിക്. കാര്‍ത്തിക്കിന്‍റെ ഹെല്‍മറ്റില്‍ നിന്ന് ഇഞ്ചുകളുടെ മാത്രം അകലത്തില്‍ റിഷഭിന്‍റെ ബാറ്റ് എത്തി. 

Caption This! pic.twitter.com/bxCGWaNMal

— DK (@DineshKarthik)

ഒഴിഞ്ഞുമാറവേ ദിനേശ് കാര്‍ത്തിക് നിലത്തുവീണു. എന്നാല്‍ സീനിയര്‍ വിക്കറ്റ് കീപ്പറുടെ അരികിലെത്തി റിഷഭ് സുഖവിവരം തിരക്കി. ശേഷം റിഷഭ് ക്ഷമാപണം നടത്തുന്നതും കാണാമായിരുന്നു. ഒരുവേള നെഞ്ച് പിടച്ചെങ്കിലും ഇരുവരും ചിരിച്ചുകൊണ്ടാണ് അടുത്ത പന്തിലേക്ക് നീങ്ങിയത്. 

Rishabh Pant and Dinesh Karthik near miss 😯
🎥 Credits : pic.twitter.com/WeHxKbZSyD

— Phoenix 🇮🇳 (@Phoenix09004)

ബാറ്റിംഗില്‍ റിഷഭ് പന്ത് മികച്ചുനിന്നെങ്കിലും മത്സരം ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റു. മൂന്ന് വിക്കറ്റിനാണ് ഡല്‍ഹിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തത്. ഡല്‍ഹി മുന്നോട്ടുവെച്ച 128 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ കൊല്‍ക്കത്ത നേടി. സുനില്‍ നരെയ്‌ന്‍(10 പന്തില്‍ 21) വെടിക്കെട്ടിന് പുറമെ ശുഭ്‌മാന്‍ ഗില്‍(30), നിതീഷ് റാണ(36) എന്നിവരുടെ സമയോചിത ഇടപെടലും കൊല്‍ക്കത്തയെ കാത്തു. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 127 റണ്‍സേ നേടിയുള്ളൂ. സ്റ്റീവ് സ്‌മിത്തും റിഷഭ് പന്തും 39 റണ്‍സ് വീതം നേടി. ധവാന്‍ 24 റണ്‍സെടുത്തു. കെകെആറിനായി ഫെര്‍ഗൂസണും നരെയ്‌നും അയ്യരും രണ്ട് വീതം വിക്കറ്റും സൗത്തി ഒന്നും നേടി. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ നരെയ്‌നാണ് കളിയിലെ താരം. 

റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരു പൊന്‍തൂവല്‍; മറികടന്നത് സെവാഗിനെ!

click me!