ഐപിഎല്‍ ചരിത്രത്തിലെ ആനമണ്ടത്തരം സംഭവിച്ചത് ഗില്ലിന്‍റെ കാര്യത്തില്‍; തുറന്നുപറഞ്ഞ് സ്കോട്ട് സ്റ്റൈറിസ്

By Web TeamFirst Published May 29, 2023, 3:40 PM IST
Highlights

ഐപിഎല്ലില്‍ 2018 മുതല്‍ കളിക്കുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. 2018ല്‍ 1.8 കോടി രൂപയ്‌ക്കാണ് താരത്തെ കെകെആര്‍ സ്വന്തമാക്കിയത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കെ എല്‍ രാഹുലിനെ വിട്ടുകൊടുത്ത ശേഷം ഒരു ഫ്രാഞ്ചൈസി കാട്ടിയ ആനമണ്ടത്തരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ ഒഴിവാക്കിയതെന്ന് സ്കോട്ട് സ്റ്റൈറിസ്. ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ശേഷം ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്ററായി ഇരുപത്തിമൂന്നുകാരനായ യുവതാരം മാറിയതോടെയാണ് സ്കോട്ട് സ്റ്റൈറിസിന്‍റെ പ്രതികരണം. 

ഐപിഎല്ലില്‍ 2018 മുതല്‍ കളിക്കുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. 2018ല്‍ 1.8 കോടി രൂപയ്‌ക്കാണ് താരത്തെ കെകെആര്‍ സ്വന്തമാക്കിയത്. 2018ല്‍ 13 മത്സരങ്ങളില്‍ 203 റണ്‍സും 2019ല്‍ 14 കളികളില്‍ 296 റണ്‍സും 2020ല്‍ 14 കളിയില്‍ 440 റണ്‍സും 2021ല്‍ 17 മത്സരങ്ങളില്‍ 478 റണ്‍സും ഗില്‍ സ്വന്തമാക്കി. ഐപിഎല്‍ 2022 സീസണിന് മുന്നോടിയായുള്ള താരലേലത്തിന് മുമ്പ് ഗില്ലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കുകയായിരുന്നു. ഇതോടെ പുതിയ ക്ലബായ ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ താരം ആദ്യ സീസണില്‍ 16 കളികളില്‍ 483 റണ്‍സ് നേടിയപ്പോള്‍ 2023ല്‍ 16 മത്സരങ്ങളില്‍ 851 റണ്‍സുമായി ഓറഞ്ച് ക്യാപ് താരം ഉറപ്പിച്ചുകഴിഞ്ഞു. ഇതോടെയാണ് കെകെആറിന് പറ്റിയത് കനത്ത അബദ്ധമാണ് എന്ന് സ്റ്റൈറിസ് വിലയിരുത്തുന്നത്. ഐപിഎല്‍ കരിയറിലാകെ 90 കളികളില്‍ മൂന്ന് സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും സഹിതം 37.68 ശരാശരിയിലും 133.48 സ്ട്രൈക്ക് റേറ്റിലും 2751 റണ്‍സ് ഗില്ലിനുണ്ട്. മൂന്ന് സെഞ്ചുറികളും ഈ സീസണിലാണ്. 

ഐപിഎല്‍ പതിനാറാം സീസണില്‍ ശുഭ്‌മാന്‍ ഗില്‍ ഉള്‍പ്പെടുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കനത്ത മഴ കാരണം ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. ഇന്ത്യന്‍സമയം രാത്രി 7.30നാണ് കലാശപ്പോര് തുടങ്ങുക. കിരീടം നേടിയാല്‍ എം എസ് ധോണിയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും അഞ്ചാം കപ്പാകും ഇത്. അതേസമയം നിലവിലെ കിരീടം നിലനിര്‍ത്താനാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത്. 

Read more: വിരമിച്ചാലും ഇല്ലെങ്കിലും ധോണിക്ക് ഇന്ന് ചരിത്ര മത്സരം; കാത്തിരിക്കുന്നത് ഐതിഹാസിക നേട്ടം

click me!