അഹമ്മദാബാദില്‍ മഴ; ഐപിഎല്‍ ഫൈനല്‍ അവതാളത്തില്‍, പിച്ച് മൂടി, കളി വൈകാനിട

By Web TeamFirst Published May 28, 2023, 6:45 PM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മെഗാ ഫൈനലിനുള്ള മുഴുവന്‍ ടിക്കറ്റുകളും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരത്തെ വിറ്റഴിഞ്ഞിരുന്നു

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിന് മുമ്പ് ആരാധകരെ നിരാശരാക്കി അഹമ്മദാബാദില്‍ മഴ. മത്സരത്തിന് ടോസിടാന്‍ അര മണിക്കൂര്‍ മാത്രം അവശേഷിക്കേയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരങ്ങളിലും മഴയെത്തിയത്. ഇതോടെ പിച്ച് പൂര്‍ണമായും മൂടിയിരിക്കുകയാണ്. ഫൈനലിനായി നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ച് തുടങ്ങിയിരുന്നു. ഇതോടെ ഇന്ത്യന്‍സമയം ഏഴ് മണിക്ക് ടോസിടാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മെഗാ ഫൈനലിനുള്ള മുഴുവന്‍ ടിക്കറ്റുകളും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരത്തെ വിറ്റഴിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ വിശിഷ്‌ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേര്‍ ഫൈനല്‍ വീക്ഷിക്കാനെത്തും. എന്നാല്‍ മഴ ഫൈനലിന്‍റെ ആവേശം ചോര്‍ത്തുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ സംഘാടകര്‍ക്ക്. 

നിലവിലെ ഐപിഎല്‍ ചാമ്പ്യന്‍മാരും ഹോം ടീമുമായ ഗുജറാത്ത് ടൈറ്റന്‍സും നാല് കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയും സിഎസ്‌കെയെ എം എസ് ധോണിയും നയിക്കും. ഐപിഎല്‍ കരിയറിലെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ധോണിയും സിഎസ്‌കെയും ഇറങ്ങുക. എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ മുമ്പേ തന്നെ ശക്തമായതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സ്റ്റേഡിയം. ഗ്യാലറി ഇതിനകം തന്നെ മഞ്ഞക്കടലായി മാറിക്കഴി‌ഞ്ഞു. മത്സരത്തിന് മണിക്കൂറുകള്‍ മുന്നേ നീണ്ട വരിയാണ് സ്റ്റേഡിയത്തിന് പുറത്ത് ദൃശ്യമായത്. ധോണി കിരീടമുയര്‍ത്താന്‍ കാത്തിരിക്കുന്ന ആരാധകരെ കൂടിയാണ് മഴ ആശങ്കപ്പെടുത്തുന്നത്. 

Read more: 'നോ യൂ-ടേണ്‍'; ഇന്നത്തെ ഫൈനല്‍ അവസാന മത്സരം! ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതായി റായുഡു

click me!