
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മുമ്പ് വിരാട് കോലിക്ക് ഉപദേശവുമായി ഇന്ത്യന്‍ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ആര്‍സിബിയുടെ ബാറ്റിംഗ് ഉത്തരവാദിത്തം കോലി ഏറ്റെടുക്കണമെന്നും ഫാഫ് ഡുപ്ലസിക്കൊപ്പമുള്ള കിംഗിന്‍റെ കൂട്ടുകെട്ട് നിര്‍ണായകമാണ് എന്നുമാണ് മത്സരത്തിന് മുന്നോടിയായി ഭാജിയുടെ വാക്കുകള്‍.
'ആര്‍സിബിയുടെ തല ഉയര്‍ത്തിപ്പിടിക്കേണ്ട ചുമതല വിരാട് കോലിക്കാണ്. ഫാഫ് ഡുപ്ലസിസിനൊപ്പമുള്ള അദേഹത്തിന്‍റെ കൂട്ടുകെട്ട് നിര്‍ണായകമാണ്. വിരാട് ഫാഫും ഫോമിലുള്ളത് ടീമിന് വലിയ ആശ്വാസമാണ്' എന്നുമാണ് സ്റ്റാര്‍ സ്പോര്‍ട്‌സിനോട് ഹര്‍ഭജന്‍ സിംഗിന്‍റെ വാക്കുകള്‍. ഈ സീസണില്‍ ഇതുവരെയുള്ള ഏഴ് മത്സരങ്ങളില്‍ കോലി 279 റണ്‍സ് നേടിയിട്ടുണ്ട്. നാല് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. അതേസമയം അഞ്ച് അര്‍ധസെഞ്ചുറികളുള്ള ഫാഫിന് ഇതിനകം 405 റണ്‍സായി. മൂന്ന് ഫിഫ്റ്റികളോടെ 253 റണ്‍സുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ആര്‍സിബി നിരയിലെ മറ്റൊരു ബാറ്റിംഗ് പ്രതീക്ഷ. ആര്‍സിബി അവസാനം രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിച്ചപ്പോള്‍ കോലി ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു. കോലി തന്‍റെ മികവിലേക്ക് ഇന്ന് മടങ്ങിയെത്തുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അങ്കം. ഫാഫ് ഡുപ്ലസിക്ക് പകരം സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായ വിരാട് കോലി തന്നെയാവും ആര്‍സിബിയെ ഇന്ന് നയിക്കുക. കെകെആര്‍ നായകനായി നിതീഷ് റാണ തുടരും. കോലി, ഫാഫ്, മാക്‌സി ബാറ്റിംഗ് ത്രയം തന്നെയാണ് ആര്‍സിബിയുടെ ബാറ്റിംഗ് കരുത്ത്. ബൗളിംഗില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ശ്രദ്ധാകേന്ദ്രം. പരിക്ക് മാറിയെത്തുന്ന ജോഷ് ഹേസല്‍വുഡ് കളിക്കുമോ എന്ന് വ്യക്തമല്ല. കൃത്യമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താനാവാത്തതാണ് കെകെആര്‍ നേരിടുന്ന തടസം. ഏഴ് വീതം കളികളില്‍ നാല് ജയവും എട്ട് പോയിന്‍റുമുള്ള ആര്‍സിബി അഞ്ചും രണ്ട് ജയം മാത്രം നേടാനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ടും സ്ഥാനത്താണ് നില്‍ക്കുന്നത്.
Read more: കോലിയെ തളയ്‌ക്കാന്‍ കെകെആര്‍ വിയര്‍ക്കും; പേസര്‍മാര്‍ അടി വാങ്ങി വലയുമെന്ന് കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!