
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് 228 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. സാഹ 43 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗില്‍ 51 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 15 പന്തില്‍ 25 റണ്‍സും ഡേവിഡ് മില്ലര്‍ 12 പന്തില്‍ 21 റണ്‍സുമെടുത്തു.
സാഹ തുടങ്ങി ഗില്‍ പൂര്‍ത്തിയാക്കി
ടോസിലെ നഷ്ടം ഗുജറാത്തിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. തുടക്കം മുതല്‍ തകര്‍ത്തടിച്ച സാഹയുടെ മികവിലാണ് ഗുജറാത്ത് പവര്‍ പ്ലേയില്‍ പവർ കാട്ടിയത്. പവര്‍ പ്ലേയില്‍ ഗുജറാത്ത് ആറോവറില്‍ 78 റണ്‍സടിച്ചപ്പോള്‍ സാഹ 20 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയിരുന്നു. സാഹ തകര്‍ത്തടിക്കുമ്പോള്‍ കാഴ്ചക്കാരനായി നിന്ന ഗില്‍ പവര്‍ പ്ലേക്ക് ശേഷം കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഒമ്പതാം ഓവറില്‍ ഗുജറാത്ത് 100 കടന്നതിന് പിന്നാലെ 29 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറിയിലെത്തി.
പതിമൂന്നാം ഓവറിലാണ് സാഹയെ വീഴ്ത്തി ആവേശ് ഖാന്‍ ലഖ്നൗവിന് ആശ്വസിക്കാന്‍ വക നല്‍കിയത്. 43 പന്തില്‍ 10 ഫോറും നാലു സിക്സും പറത്തിയാണ് സാഹ 81 റണ്‍സടിച്ചത്. സാഹ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഒരോവറില്‍ സാഹയും പാണ്ഡ്യയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചുകൂട്ടി ഗുജറാത്തിനെ 150 കടത്തി. പതിനഞ്ചാം ഓവറില്‍ 176 റണ്‍സിലെത്തിയ ഗുജറാത്തിന് പതിനാറാം ഓവറില്‍ 15 പന്തില്‍ 25 റണ്‍സെടുത്ത ഹാര്‍ദ്ദിക്കിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ മില്ലറും ഗില്ലും ചേര്‍ന്ന് അവരെ 227 റണ്‍സിലെത്തിച്ചു.
അര്‍ഹിച്ച സെഞ്ചുറി ഗില്ലിന് നഷ്ടമായങ്കിലും 51 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും പറത്തിയ ഗില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്ന. ഡേവിഡ് മില്ലര്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 12 പന്തില്‍ 21 റണ്‍സെടുത്തു. ലഖ്നൗവിനായി മൊഹ്സിന്‍ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റെടുത്തു.
ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ലഖ്നൗ ഇന്നിറങ്ങിയത്. പേസര്‍ നവീന്‍ ഉള്‍ ഹഖിന് പകരം ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്ക് ലഖ്നൗവിന്‍റെ ആദ്യ ഇലവനിലെത്തി. ജോഷ്വ ലിറ്റില്‍ അയര്‍ലന്‍ഡിലേക്ക് മടങ്ങിയതിനാല്‍ പകരം വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ് ഗുജറാത്തിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!