
ധരംശാല: ഐപിഎല്ലിലെ അതിനിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ധരംശാലയിലെ പിച്ചിനെക്കുറിച്ചാണ് ആരാധകരുടെ ആശങ്ക. ജയ്പൂരിലെ സ്പിന്‍ പിച്ചില്‍ കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുന്നില്‍ വെറും 59 റണ്‍സിന് ഓള്‍ ഔട്ടായി കനത്ത തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ റോയല്‍സ് വരുന്നത്. എന്നാല്‍ മനോഹരമായ ഔട്ട് ഫീല്‍ഡും പുറംകാഴ്ചകളുമുള്ള ധരംശാലയിലെത്തുമ്പോള്‍ സഞ്ജുവിനും സംഘത്തിനും പേടിക്കാനൊന്നുമില്ല.
കാരണം, 10 വര്‍ഷത്തെ ഇടവേളക്ക് ശേഷം ധരംശാലയില്‍ നടന്ന ആദ്യ ഐപിഎല്‍ മത്സരമായ ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ ഇരു ടീമുകളും തകര്‍ത്തടിച്ച് ആരാധകര്‍ കണ്ടതാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അടിച്ചെടുത്തത് 213 റണ്‍സ്. ഫോമിലില്ലാതിരുന്ന ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാക്ക് പോലും ഫോമിലാവാന്‍ കഴിഞ്ഞതും ധരംശാലയിലായിരുന്നു.
ധരംശാലയിലെ ബാറ്റിംഗ് പറുദീസയില്‍ ടോസ് നിര്‍ണായകമായേക്കില്ലെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം തുടക്കത്തില്‍ കരുതലെടുക്കേണ്ടിവരുമെന്നാണ് സൂചന. പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി പേസര്‍ ഖലീല്‍ അഹമ്മദ് ഫ്ലഡ് ലൈറ്റുകള്‍ക്ക് കീഴില്‍ മികച്ച സ്വിംഗ് കണ്ടെത്തിയത് രാജസ്ഥാനുള്ള സൂചനയാണ്. എന്നാല്‍ പവര്‍ പ്ലേയിലെ ആദ്യ മൂന്നോ നാലോ ഓവറില്‍ കരുതലെടുത്താല്‍ പിന്നീട് ഈ പിച്ചില്‍ ഏത് സ്കോറും സുരക്ഷിതമല്ലെന്ന് ലിയാം ലിവിംഗ്സ്റ്റണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് തെളിയിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത് 213 റണ്‍സടിച്ചിട്ടും ഡല്‍ഹി ബൗളര്‍മാര്‍ അത് കഷ്ടപ്പെട്ടാണ് പ്രതിരോധിച്ചത് എന്നത് ടോസ് നിര്‍ണായകമാവില്ലെന്നതിന്‍റെ സൂചനയാണ്. ധരംശാലയില്‍ ഇന്ന് സ്പിന്നര്‍മാര്‍ക്കും കാര്യമായ പങ്കുവഹിക്കാനുണ്ടാവുമെന്നത് രാജസ്ഥാനെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ രണ്ടാമത് ബൗള്‍ ചെയ്തപ്പോള്‍ ഡല്‍ഹിക്കായി കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
പേസര്‍മാര്‍ക്ക് ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ മികച്ച പേസും ബൗണ്‍സും ലഭിക്കുമെങ്കിലും പിന്നീട് ഇത് ബാറ്റര്‍മാര്‍ക്ക് അനുകൂലമാകുകയും ചെയ്യുമെന്നതിനാല്‍ 180-200 റണ്‍സില്‍ കുറഞ്ഞൊരു സ്കോര്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല. മത്സരദിവസം പരമാവധി താപനില 16 മുതല്‍ 26 ഡിഗ്രിവരെ ആയിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!