
ധരംശാല: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാൻ റോൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. വൈകിട്ട് ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം. രാജസ്ഥാന്‍റെയും പഞ്ചാബിന്‍റെയും ലീഗ് ഘട്ടത്തിലെ അവസാന മത്സരമാണിത്.
13 കളിയിൽ 12 പോയന്‍റ് വീതമാണ് ഇരു ടീമുള്‍ക്കുമുള്ളത്. പ്ലേ ഓഫിലെത്താൻ പതിനാറ് പോയന്‍റെങ്കിലും വേണ്ടതിനാൽ ഇന്ന് ജയിച്ചാലും മറ്റുടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചെ ഇരു ടീമിനും മുന്നേറാനാവു. സീസണിൽ നന്നായി തുടങ്ങിയിട്ടും സ്ഥിരത പുലർത്താതെ കിതച്ചവരാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാനും ശിഖർ ധവാന്‍റെ പഞ്ചാബും. ജോസ് ബട്‍ലറും തകർപ്പൻ ഫോമിലുള്ള യശസ്വി ജയ്സ്വാളും യുസ്‍വേന്ദ്ര ചഹലും ട്രെന്‍റ് ബോൾട്ടുമെല്ലാം ഉണ്ടായിട്ടും സഞ്ജു നയിക്കുന്ന രാജസ്ഥാൻ സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു.
വ്യക്തിഗത മികവിനെ കൂട്ടായ്മയിലേക്ക് ഉയർത്താന്‍ രാജസ്ഥാനായില്ല. ശിഖർ ധവാനെ അമിതമായി ആശ്രയിക്കുന്ന പഞ്ചാബ്, ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശർമ്മയും കൂടി നേരത്തേ പുറത്തായാൽ വെറും നനഞ്ഞ പടക്കമാകുന്നു. ബൗളർമാരുടെ മൂർച്ചയില്ലായ്മ കൂടിയായപ്പോൾ പഞ്ചാബിന്‍റെ പ്രതീക്ഷകൾ താളംതെറ്റി.
ഏപ്രിലിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് അഞ്ച് റൺസിന് രാജസ്ഥാനെ തോൽപിച്ചിരുന്നു. പഞ്ചാബിന്‍റെ 197 റൺസിനുള്ള രാജസ്ഥാന്‍റെ മറുപടി 192ൽ അവസാനിച്ചു. ആകെ നേർക്കുനേർ വന്നത് 25 മത്സരങ്ങളിൽ. 14ൽ രാജസ്ഥാനും 11ൽ പഞ്ചാബും ജയിച്ചു.
പേസിനെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ രാജസ്ഥാന്‍ ടീമില്‍ ട്രെന്‍റ് ബോള്‍ട്ട് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോള്‍ട്ട് തിരിച്ചുവരുമ്പോള്‍ ആദം സാംപ പുറത്തുപോകും. ജോസ് ബട്‌ലറും ഷിമ്രോണ്‍ ഹെറ്റ്മെയറും വിദേശതാരങ്ങളായി എത്തുമ്പോള്‍ ജേസണ്‍ ഹോള്‍ഡറോ ഒബേദ് മക്ക്കോയിയോ അന്തിമ ഇലവനിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!