Latest Videos

മഴക്കളിയില്‍ ആര്‍സിബിയുടെ മത്സരം വൈകുന്നു; ഉപേക്ഷിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം!

By Web TeamFirst Published May 21, 2023, 7:35 PM IST
Highlights

ഇടവിട്ടുള്ള മഴ ബെംളൂരുവില്‍ തുടരുകയാണ്. മത്സരം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ കാരണം വൈകുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് മൂലം മുന്‍നിശ്ചയിച്ച പ്രകാരം ഏഴ് മണിക്ക് ടോസിടാന്‍ കഴിഞ്ഞില്ല. ഏഴരയ്‌ക്കായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ മുന്നേ ബെംഗളൂരുവില്‍ പെയ്‌ത കനത്ത മഴ മത്സരം ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ബെംഗളൂരു നഗരത്തിലുണ്ടായി. ഇടയ്‌ക്ക് മഴ തോര്‍ന്നെങ്കിലും വീണ്ടും പെയ്‌തത് ഐപിഎല്‍ അധികൃതരുടെ പദ്ധതികളെല്ലാം അവതാളത്തിലാക്കി. 

ഇടവിട്ടുള്ള മഴ ബെംഗളൂരുവില്‍ തുടരുകയാണ്. മത്സരം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടക്കാനായി നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് ടൈം 10.56 ആണ്. ഇതോടെ ആര്‍സിബി-ടൈറ്റന്‍സ് മത്സരം ഉപക്ഷിക്കുമോ എന്നറിയാന്‍ ആരാധകര്‍ ഇനിയും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. വരും മണിക്കൂറുകളിലും ചിന്നസ്വാമിയില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ ഇരു ടീമുകളുടേയും പരിശീലനവും മഴ മുടക്കിയിരുന്നു. ചിന്നസ്വാമിയില്‍ മത്സരം ആരംഭിക്കാനുള്ള നീണ്ട കാത്തിരിപ്പിലാണ് ഇരു ടീമുകളും ആരാധകരും. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ചതോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. ആര്‍സിബിയുടെ മത്സരം ഉപേക്ഷിക്കപ്പെട്ടാലും ഫാഫ് ഡുപ്ലസിസും സംഘവും തോറ്റാലും മുംബൈ പ്ലേ ഓഫിലെത്തും. നിലവില്‍ പോയിന്‍റ് പട്ടികയില്‍ മുംബൈക്ക് 16 ഉം ആര്‍സിബിക്ക് 14 ഉം പോയിന്‍റാണുള്ളത്. 18 പോയിന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സും 17 പോയിന്‍റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. സണ്‍റൈസേഴ്‌സിന് എതിരായ മുംബൈയുടെ ജയത്തോടെ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 

Read more: രാജസ്ഥാന് പായ മടക്കാം! കാമറൂണ്‍ ഗ്രീനിന്റെ സെഞ്ചുറി കരുത്തില്‍ മുംബൈ പ്ലേ ഓഫിനരികെ; പക്ഷേ കാത്തിരിക്കണം

click me!