
ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് ടീമുകളുടെ കാര്യത്തില്‍ നിര്‍ണായകമായ ദിനമാണിന്ന്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സര ഫലത്തിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് ആരാധകര്‍. അതിനാല്‍ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തന്‍റെ കഴിവിന്‍റെ പരമാവധി പ്രകടനം വിരാട് കോലി പുറത്തെടുക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് മുന്‍ താരം ടോം മൂഡി.
കണക്കുകള്‍ പ്രകാരം ഏഴ് ടീമുകള്‍ ഐപിഎല്‍ പ്ലേ ഓഫിനായുള്ള മത്സരരംഗത്തുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുമെന്ന് ഉറപ്പായി. അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് ആറ് ടീമുകള്‍ തമ്മില്‍ പോരടിക്കുന്നത്. എല്ലാ ടീമുകളും മറ്റ് ഫ്രാഞ്ചൈസികളുടെ പ്രകടനത്തിലേക്കും ഉറ്റുനോക്കുന്നു. നെറ്റ് റണ്‍റേറ്റും ടീമുകളുടെ വിധിയെഴുത്തില്‍ നിര്‍ണായകമാകും. ഈ സാഹചര്യത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. ഇന്ന് ആര്‍സിബി തോറ്റാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും പ്ലേ ഓഫില്‍ കടക്കും.
ഈ സാഹചര്യത്തിലാണ് ആര്‍സിബിയെ ഏത് തരത്തിലും ജയിപ്പിക്കാന്‍ വിരാട് കോലി ശ്രമിക്കുമെന്ന് ടോം മൂഡി പറയുന്നത്. 'സീസണില്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് രണ്ടാംഘട്ടത്തിലെ മത്സരങ്ങള്‍ ടീം തോറ്റു. ആര്‍സിബിക്ക് വിരാട് കോലിയെ പോലൊരു താരമുണ്ട്. ആര്‍സിബിയെ പ്ലേ ഓഫിലെത്തിക്കാന്‍ എല്ലാത്തരത്തിലും കഴിയുന്നത് കോലി ചെയ്യും' എന്നും മൂഡി കൂട്ടിച്ചേര്‍ത്തു. ആര്‍സിബി ടീം വര്‍ക്കിലൂടെ മികവിലേക്ക് എത്തണമെന്ന് മറ്റൊരു മുന്‍ താരം യൂസഫ് പത്താന്‍ കൂട്ടിച്ചേര്‍ത്തു. 'വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലസിസ് എന്നീ മൂന്ന് താരങ്ങളില്‍ മാത്രം ആര്‍സിബി ശ്രദ്ധ പതിപ്പിക്കേണ്ട സമയമല്ലിത്. എല്ലാ താരങ്ങളും അവസരം ചുമതല നിര്‍വഹിച്ച് മികച്ച പ്രകടനം പുറത്തെടുക്കണം' എന്നാണ് യൂസഫ് പത്താന്‍റെ വാക്കുകള്‍.
Read more: സൂര്യകുമാര്‍ യാദവ് വരെ ഒരു ചുവട് താഴെ; സീസണിലെ മികച്ച സിക്‌സ് ഹിറ്ററുടെ പേരുമായി ആകാശ് ചോപ്ര
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!