
ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ പുരോഗമിക്കുന്നതിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അപ്രതീക്ഷിത തിരിച്ചടി. പരിക്കേറ്റ സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് സീസണിലെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും നഷ്‌ടമാകും എന്ന് ക്ലബ് അറിയിച്ചു. ഹാംസ്‌ട്രിങ് ഇഞ്ചുറിയാണ് സുന്ദറിന് സംഭവിച്ചതെന്നും വേഗത്തില്‍ സുഖംപ്രാപിക്കാന്‍ ആശംസകള്‍ നേരുന്നതായും സണ്‍റൈസേഴ്‌സിന്‍റെ ട്വീറ്റില്‍ പറയുന്നു.
നിലവില്‍ ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ അസാന്നിധ്യം വലിയ തിരിച്ചടിയാവും. ശനിയാഴ്‌ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ഇരു ടീമുകളും. സണ്‍റൈസേഴ്‌സ് ഒന്‍പതും ക്യാപിറ്റല്‍സ് പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ തന്നെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിന്‍റെ ജയം ഡല്‍ഹിക്കൊപ്പം നിന്നപ്പോള്‍ നാല് ഓവര്‍ പന്തെറിഞ്ഞ വാഷിംഗ്‌ടണ്‍ സുന്ദര്‍ 28 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ബാറ്റിംഗില്‍ 15 പന്തില്‍ മൂന്ന് ഫോറുകളോടെ പുറത്താവാതെ 24* റണ്‍സും സുന്ദര്‍ നേടി. ഈ സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റും 60 റണ്‍സുമാണ് സമ്പാദ്യം.
ഹൈദരാബാദില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 137 എടുക്കാനേ കഴിഞ്ഞുള്ളൂ. സീസണില്‍ ഡല്‍ഹി ടീമിന്‍റെ രണ്ടാം ജയമാണിത്. അവസാന ഓവറില്‍ 12 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ മുകേഷ് കുമാറാണ് ഡല്‍ഹിയെ ജയിപ്പിച്ചത്. ക്യാപിറ്റല്‍സിനായി നോർക്യയും അക്സറും രണ്ട് വീതവും ഇഷാന്തും കുല്‍ദീപും ഓരോ വിക്കറ്റും സ്വന്തമാക്കി.
Read more: ചോദ്യം ഒന്നേയുള്ളൂ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ തിരിച്ചെത്തുമോ? രാജസ്ഥാനെതിരെ സിഎസ്‌കെയുടെ സാധ്യതാ ഇലവന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!