ശ്രേയസ് അയ്യരോട് മാത്രമല്ല, കോലിയോടും വേണമെങ്കില്‍ സംസാരിക്കുമെന്ന് ഗാംഗുലി

By Web TeamFirst Published Sep 29, 2020, 10:56 PM IST
Highlights

ഇതിന് പിന്നാലെ ബിസിസിഐ പ്രസിഡന്‍റായ സൗരവ് ഗാംഗുലി എങ്ങനെ ഒരു ഐപിഎല്‍ ടീമിന്‍റെ നായകന് ഉപദേശങ്ങള്‍ നല്‍കുമെന്ന ചോദ്യവുമായി വിമര്‍ശകര്‍ രംഗത്തെത്തി. പ്രസ്താവന വിവാദമായതോടെ അയ്യര്‍ തന്നെ തിരുത്തി.

ദുബായ്: ബിസിസിഐ പ്രസിഡന്‍റാവുന്നതിന് മുമ്പ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ  മാര്‍ഗദര്‍ശിയായിരുന്നു സൗരവ് ഗാംഗുലി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ പോരാട്ടത്തിന് മുമ്പ് ഐപിഎല്ലില്‍ ഡല്‍ഹി ടീമിനെ നയിക്കുന്നതിനെക്കുറിച്ച് നായകന്‍ ശ്രേയസ് അയ്യരോട് അവതാരകന്‍ ചോദിച്ചപ്പോള്‍ ഈ യാത്രയില്‍ തന്നെ ഏറെ സഹായിച്ചത് സൗരവ് ഗാംഗുലിയും പരിശീലകനായ റിക്കി പോണ്ടിംഗുമാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ബിസിസിഐ പ്രസിഡന്‍റായ സൗരവ് ഗാംഗുലി എങ്ങനെ ഒരു ഐപിഎല്‍ ടീമിന്‍റെ നായകന് ഉപദേശങ്ങള്‍ നല്‍കുമെന്ന ചോദ്യവുമായി വിമര്‍ശകര്‍ രംഗത്തെത്തി. പ്രസ്താവന വിവാദമായതോടെ അയ്യര്‍ തന്നെ തിരുത്തി. ഗാംഗുലി കഴിഞ്ഞ സീസണില്‍ നല്‍കിയ ഉപദേശങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് അയ്യര്‍ വ്യക്തമാക്കി. എന്നിട്ടും അയ്യരുടെ ആ പ്രസ്താവനയുടെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി.

കഴിഞ്ഞ സീസണില്‍ ഞാന്‍ അയ്യരെ സഹായിച്ചിരുന്നു എന്നത് ശരിയാണ്. ഞാന്‍ ബിസിസിഐ പ്രസിഡന്‍റായിരിക്കാം. പക്ഷെ എനിക്ക് 500നടുത്ത് മത്സരങ്ങള്‍ (424) കളിച്ചതിന്‍റെ പരിചയമുണ്ടെന്ന കാര്യം മറക്കരുത്.  അതുകൊണ്ടുതന്നെ ഏത് യുവതാരത്തോടും സംസാരിക്കാനും ഉപദേശങ്ങള്‍ നല്‍കാനും എനിക്കാവും. അതിപ്പോ ശ്രേയസ് അയ്യരോ വിരാട് കോലിയോ ആരായാലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കിയിരിക്കും-ഗാംഗുലി പറഞ്ഞു.

click me!