വീണ്ടും റിതുരാജ് സ്പാര്‍ക്ക്; പോകുന്ന പോക്കില്‍ പഞ്ചാബിനെയും കൂട്ടി ചെന്നൈ

By Web TeamFirst Published Nov 1, 2020, 7:11 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ ഡൂപ്ലെസി-റിതുരാജ് സഖ്യം 10 ഓവറില്‍ 82 റണ്‍സടിച്ചപ്പോഴെ പഞ്ചാബ് സിംഹങ്ങളുടെ തലതാഴ്ന്നു തുടങ്ങിയിരുന്നു. ഡൂപ്ലെസിയെ(34 പന്തില്‍ 48)മടക്കി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും ആ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല.

ദുബായ്: പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പഞ്ചറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഒമ്പത് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാത്തെ ടീമായി.

പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സിന്‍റെ വിജയലക്ഷ്യം ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി നേടിയ റിതുരാജ് ഗെയ്ക്‌വാദിന്‍റെയും ഫാഫ് ഡൂപ്ലെസിയുടെയും അംബാട്ടി റായുഡുവിന്‍റെയും ബാറ്റിംഗ് മികവില്‍ ചെന്നൈ അനായാസം മറികടന്നു. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 153/6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.5 ഓവറില്‍ 154/1.

സ്പാര്‍ക്കോടെ റിതുരാജ്, ആളിക്കത്തി ഡൂപ്ലെസി

നഷ്ടപ്പെടാന്‍ ഒന്നുമില്ലാതിരുന്നിട്ടും കരുതലോടെയാണ് ചെന്നൈ തുടങ്ങിയത്. ജിമ്മി നീഷാമിന്‍റെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത ചെന്നൈക്ക് ഷമിയുടെ രണ്ടാം ഓവറില്‍ വൈഡായി അഞ്ച് റണ്‍സ് ലഭിച്ചത് ബോണസായി. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ആദ്യ സിക്സ് പറത്തിയ ഗെയ്‌ക്‌വാദ് സ്പാര്‍ക്ക് തെളിയിച്ചു. നീഷാം എറിഞ്ഞ നാലാം ഓവറില്‍ ഡൂപ്ലെസി നല്‍കിയ ക്യാച്ച് പറന്നുപിടിക്കാന്‍ ദീപക് ഹൂഡക്കായില്ല.

തൊട്ടടുത്ത പന്തില്‍ നീഷാമിനെ സിക്സിന് പറത്തി ഡൂപ്ലെസിയും ഗെയ്‌ക്‌വാദിനൊപ്പം റണ്‍വേട്ടയില്‍ പങ്കാളിയായതോടെ ചെന്നൈ സ്കോര്‍ കുതിച്ചു. നീഷാമിന്‍റെ ഓവറില്‍ 10 റണ്‍സാണ് ചെന്നൈ നേടിയത്. ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ നേടിയ ചെന്നൈ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ രവി ബിഷ്ണോയിയെ സിക്സും ഫോറുമടിച്ചാണ് സ്വീകരിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഡൂപ്ലെസി-റിതുരാജ് സഖ്യം 10 ഓവറില്‍ 82 റണ്‍സടിച്ചപ്പോഴെ പഞ്ചാബ് സിംഹങ്ങളുടെ തലതാഴ്ന്നു തുടങ്ങിയിരുന്നു. ഡൂപ്ലെസിയെ(34 പന്തില്‍ 48)മടക്കി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും ആ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല.

നിലയുറപ്പിച്ച ഗെയ്‌ക്‌വാദും പിന്തുണയുമായി റായുഡുവും കളം നിറഞ്ഞതോടെ ചെന്നൈ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. 37 പന്തില്‍ തന്‍റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി തികച്ച റിതുരാജ് ഗെയ്‌ക്‌വാദ് വരും സീസണിലും ചെന്നൈയുടെ ഓപ്പണിംഗ് സ്ഥാനത്ത് ഇരുപ്പുറപ്പിച്ചു. 49 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന റിതുരാജ് ആറ് ഫോറും ഒരു സിക്സും പറത്തി.

28 പന്തില്‍ 28 റണ്‍സുമായി അംബാട്ടി റായുഡു വിജയത്തില്‍ റിതുരാജിന് കൂട്ടായി. ഒരു ബൗളറെ കുറച്ച് മത്സരത്തിനിറങ്ങിയ പഞ്ചാബിന് ബൗളിംഗില്‍ തൊട്ടതെല്ലാം പിഴച്ചപ്പോള്‍ സൂപ്പര്‍ വിജയവുമായി ചെന്നൈ സീസണ്‍ അവസാനിപ്പിച്ചു.

ആദ്യ ഏഴ് കളികളില്‍ ആറ് തോല്‍വി വഴങ്ങിയ പ‍ഞ്ചാബ് പിന്നീട് തുടര്‍ച്ചയായി അഞ്ച് ജയങ്ങള്‍ നേടിയാണ് പ്ലേ ഓഫ് പ്രതീക്ഷകള്‍ ജ്വലിപ്പിച്ചത്. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയതോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് സ്വപ്നം പൊലിഞ്ഞു.

click me!