ഒറ്റയാനായി ധവാന്‍, ഐപിഎല്ലില്‍ രണ്ടാം സെഞ്ചുറി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Oct 20, 2020, 9:12 PM IST
Highlights

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ പൃഥ്വി ഷാ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ പന്തുമുതല്‍ ഡല്‍ഹിയുടെ ആക്രമണം നയിച്ചത് ശിഖര്‍ ധവാനായിരുന്നു.

ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ഒറ്റയാന്‍ ബാറ്റിംഗ് കരുത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ധവാന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 61 പന്തില്‍ 106 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു.

നിശാശപ്പെടുത്തി വീണ്ടും ഷാ

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ പൃഥ്വി ഷാ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ പന്തുമുതല്‍ ഡല്‍ഹിയുടെ ആക്രമണം നയിച്ചത് ശിഖര്‍ ധവാനായിരുന്നു. 11 പന്തില്‍ ഏഴ് റണ്‍സടിച്ച പൃഥ്വി ഷാ ജിമ്മി നീഷാമിന്‍റെ പന്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന് ക്യാച്ച് നല്‍കി മടങ്ങി.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കാഴ്ചക്കാരനാക്കി ധവാന്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹി സ്കോര്‍ കുതിച്ചു. 12 പന്തില്‍ 14 റണ്‍സെടുത്ത അയ്യരെ മുരുഗന്‍ അശ്വിന്‍ മടക്കുമ്പോള്‍ ഡല്‍ഹി സ്കോര്‍ 18.3 ഓവറില്‍ 73 റണ്‍സിലെത്തിയിരുന്നു.

പരിക്കിനുശേഷം തിരിച്ചെത്തിയ റിഷഭ് പന്തിന് ക്രീസില്‍ അധികസമയം നില്‍ക്കാനായില്ല. 20 പന്തില്‍ 14 റണ്‍സടിച്ച പന്തിനെ മാക്സ്‌വെല്‍ പുറത്താക്കിയെങ്കിലും 27 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ധവാന്‍ ഒരറ്റത്ത് അടി തുടര്‍ന്നു. 57 പന്തില്‍ സെഞ്ചുറിയിലെത്തിയ ധവാന്‍ ഈ ഐപിഎല്ലിലെ രണ്ടം സെഞ്ചുറിയാണ് കുറിച്ചത്. 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ധവാന്‍റെ ഇന്നിംഗ്സ്. ഡല്‍ഹിക്കായി മുഹഹമ്മദ് ഷമിയും മാക്സ്‌വെല്ലും നീഷാമും മുരുഗന്‍ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

click me!