ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്ക് ശ്രമം; ബിസിസിഐ അന്വേഷണം തുടങ്ങി

By Web TeamFirst Published Oct 3, 2020, 7:11 PM IST
Highlights

ഏത് ടീമിലെ കളിക്കാരനെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത് എന്ന് വ്യക്തമല്ല. വാതുവെപ്പുകാര്‍ സമീപിച്ച കളിക്കാരന്‍റെയോ ടീമിന്‍റെയോ വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യമാക്കരുതെന്നാണ് ചട്ടം

ദുബായ്: ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്ക് ശ്രമം. ഐപിഎല്‍ ടീം അംഗങ്ങളിലൊരാളെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത്. ഈ കളിക്കാരന്‍ ബിസിസിഐ അഴിമതിവരുദ്ധ സമിതിയെ വിവരം അറിയിക്കുകയായിരുന്നുവെന്ന് സമിതി അധ്യക്ഷന്‍ അജിത് സിംഗ് പിടിഐയോട് പറഞ്ഞു.

വാതുവെപ്പിന് സമീപച്ചയാളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും രാജസ്ഥാന്‍ പോലീസിലെ മുന്‍ ഡിജിപി കൂടിയായ അജിത് സിംഗ് അറിയിച്ചു. ഏത് ടീമിലെ കളിക്കാരനെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത് എന്ന് വ്യക്തമല്ല. വാതുവെപ്പുകാര്‍ സമീപിച്ച കളിക്കാരന്‍റെയോ ടീമിന്‍റെയോ വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യമാക്കരുതെന്നാണ് ചട്ടം.

കൊവി‍ഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിക്കാരെല്ലാം പ്രത്യേകം സജ്ജീകരിച്ച ബയോ സെക്യുര്‍ ബബ്ബിളുകളിലാണ് കഴിയുന്നത്. പുറത്തുനിന്നാര്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. ഇതിനിടെ എങ്ങനെയാണ് വാതുവെപ്പുകാര്‍ കളിക്കാരനെ സമീപിച്ചത് എന്നത് വ്യക്തമല്ല.

കളിക്കാരരെല്ലാം, പ്രത്യേകിച്ചും യുവതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്നതിനാല്‍ ഇതുവഴിയായിരിക്കാം വാതുവെപ്പുകാര്‍ കളിക്കാരനെ സമീപിച്ചത് എന്നാണ് സൂചന.

click me!