കോലിയുടെ 'കൈവിട്ട' കളി രാഹുലിന് സെഞ്ചുറി; ബാംഗ്ലൂരിനെതിരെ പഞ്ചാബിന് മികച്ച സ്കോര്‍

By Web TeamFirst Published Sep 24, 2020, 9:28 PM IST
Highlights

എണ്‍പതുകളില്‍ രാഹുല്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ട് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സില്‍ വില്ലാനായത്. സ്റ്റെയിനിന്റെ പന്തില്‍ 84ല്‍ നില്‍ക്കെ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് കോലി നിലത്തിടുന്നത് ആരാധകര്‍ അവിശ്വസനീയതയോടെയാണ് കണ്ടത്. നവദീപ് സെയ്നി എറിഞ്ഞ അടുത്ത ഓവറിലും കോലി, രാഹുലിന് ജീവന്‍ നല്‍കി.

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്കോര്‍. നായകന്‍ കെ എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. 69 പന്തില്‍ ഏഴ് സിക്സും 14 ബൗണ്ടറിയും പറത്തി 132 റണ്‍സെടുത്ത രാഹുല്‍ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറും സ്വന്തമാക്കി.

എണ്‍പതുകളില്‍ രാഹുല്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ട് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സില്‍ വില്ലാനായത്. സ്റ്റെയിനിന്റെ പന്തില്‍ 84ല്‍ നില്‍ക്കെ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് കോലി നിലത്തിടുന്നത് ആരാധകര്‍ അവിശ്വസനീയതയോടെയാണ് കണ്ടത്. നവദീപ് സെയ്നി എറിഞ്ഞ അടുത്ത ഓവറിലും കോലി, രാഹുലിന് ജീവന്‍ നല്‍കി.

രണ്ടുതവണ ജീവന്‍ ലഭിച്ച രാഹുല്‍ സ്റ്റെയിന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 26 റണ്‍സടിച്ച് സെഞ്ചുറിയിലെത്തി. സ്റ്റെയിനിന്‍റെ പത്തൊമ്പതാം ഓവറില്‍ രാഹുല്‍ മൂന്ന് സിക്സും രണ്ടു ഫോറും പറത്തി.  ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സടിച്ച രാഹുലും കരുണ്‍ നായരും ചേര്‍ന്ന് പഞ്ചാബിനെ 200 കടത്തി.കോലി കൈവിട്ടശേഷം രാഹുല്‍ നേടിയത് ഒമ്പത് പന്തില്‍ 42 റണ്‍സ്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി രാഹുലും മായങ്കും നല്ല തുടക്കമിട്ടു. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച പഞ്ചാബ് ഡെയ്ല്‍ സ്റ്റെയിനിന്റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ചു. മൂന്നാം ഓവറില്‍ ഉമേഷിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് മായങ്ക് പഞ്ചാബ് ഇന്നിംഗ്സിന് ഗതിവേഗം നല്‍കി.

ആറാം ഓവറില്‍ 50ല്‍ എത്തിയ പഞ്ചാബിന് പക്ഷെ ഏഴാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. യുസ്‌വേന്ദ്ര ചാഹലിന്‍റെ ഗൂഗ്ലിയില്‍ മായങ്ക് അഗര്‍വാള്‍(20 പന്തില്‍ 26) പുറത്ത്. വണ്‍ഡൗണായെത്തിയ നിക്കോളാസ് പുരാന് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും കെ എല്‍ രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സടിച്ചു. 17 പന്തില്‍ 17 റണ്‍സടിച്ച പുരാനെ ശിവം ദുബെ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചു.

പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്‌വെല്ലിനെ(5) നിലയുറപ്പിക്കും മുമ്പ് മടക്കി ശിവം ദുബെ പഞ്ചാബിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഒരുവശത്ത് തകര്‍ത്തടിച്ച രാഹുല്‍ കരുണ്‍ നായരെ കൂട്ടുപിടിച്ച് പഞ്ചാബ് സ്കകോര്‍ 200 കടത്തി. 8 പന്തില്‍ 15 റണ്‍സുമായി കരുണ്‍ നായര്‍ പുറത്താകാതെ നിന്നു.

ആദ്യ മത്സരം ജയിച്ച ബാംഗ്ലൂര്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്ണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല. ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷാമും മുരുഗന്‍ അശ്വിനുമാണ് ഇരുവര്‍ക്കും പകരക്കാരായി അന്തിമ ഇലവനിലെത്തിയത്.

click me!