Latest Videos

ഫിനിഷിംഗ് മറന്ന് ധോണിയും ചെന്നൈയും; കൊല്‍ക്കത്ത വീണ്ടും വിജയവഴിയില്‍

By Web TeamFirst Published Oct 7, 2020, 11:48 PM IST
Highlights

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണിയും യുവത്വത്തിന്‍റെ ചോരത്തിളപ്പുമായി സാം കറനും ക്രീസിലുണ്ടായിരുന്നപ്പോള്‍ ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന നാലോവറില്‍ 44 റണ്‍സ് മാത്രമായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പത്ത് റണ്‍സിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും വിജയവഴിയില്‍. കഴിഞ്ഞ മത്സരത്തില്‍ പത്തുവിക്കറ്റ് വിജയം നേടിയതിന്‍റെ ആവേശത്തിലിറങ്ങിയ ചെന്നൈക്ക് കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടക്കാനായില്ല. സ്കോര്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 167 ന് ഓള്‍ ഔട്ട്, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 157/5.ജയത്തോടെ അഞ്ച് കളികളില്‍ ആറ് പോയന്‍റുമായി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ അഞ്ചാം സ്ഥാനത്താണ്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണിയും യുവത്വത്തിന്‍റെ ചോരത്തിളപ്പുമായി സാം കറനും ക്രീസിലുണ്ടായിരുന്നപ്പോള്‍ ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന നാലോവറില്‍ 44 റണ്‍സ് മാത്രമായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസലും തകര്‍ത്തെറിഞ്ഞതോടെ അടുത്ത നാലോവറില്‍ 34 റണ്‍സ് മാത്രമാണ് ചെന്നൈക്ക് അടിച്ചെടുക്കാനായത്. ആന്ദ്രെ റസല്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്.

അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെ റസലിന്‍റെ ആദ്യ രണ്ട് പന്തിലും സിംഗിളെടുക്കാതിരുന്ന കേദാര്‍ ജാദവ് മൂന്നാം പന്തിലാണ് സിംഗിളെടുത്ത് സ്ട്രൈക്ക് ജഡേജക്ക് കൈമാറിയത്. എന്നാല്‍ നാലാം പന്തില്‍ സിക്സും അഞ്ചും ആറും പന്തുകളില്‍ ബൗണ്ടറിയും നേടി ജഡേജ ചെന്നൈയുടെ തോല്‍വി ഭാരം കുറച്ചു.  18 പപന്തില്‍ 21 റണ്‍സുമായി ജഡേജ യും 12 പന്തില്‍ ഏഴ് റണ്ണുമായി കേദാര്‍ ജാദവും പുറത്താകാതെ നിന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ 3.4 ഓവറില്‍ 30 റണ്‍സടിച്ച ഷെയ്ന്‍ വാട്സണും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. നാലാം ഓവറില്‍ മികച്ച ഫോമിലുള്ള ഫാഫ് ഡൂപ്ലെസിയെ പുറത്താക്കി ശിവം മാവിയാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 10 പന്തില്‍ 17 റണ്‍സായിരുന്നു ഡൂപ്ലെസിയുടെ സമ്പാദ്യം.

അംബാട്ടി റായുഡുവും വാട്സണും ചേര്‍ന്നതോടെ ചെന്നൈ പതിമൂന്നാം ഓവറില്‍ 99ല്‍ എത്തി. 27 പന്തില്‍ 30 റണ്‍സെടുത്ത റായുഡ‍ുവിനെ നാഗര്‍കോട്ടി ശുഭ്മാന്‍ ഗില്ലിന്‍റെ കൈകകളിലെത്തിച്ചതോടെ ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. റായുഡു വീണതിന് പിന്നാലെ ഷെയ്ന്‍ വാട്സണെ(40 പന്തില്‍ 50) സുനില്‍ നരെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ചെന്നൈ പ്രതിരോധത്തിലായി.

നാലാമനായി എം എസ് ധോണി ക്രീസിലിറങ്ങിയതോടെ ചെന്നൈയുടെ സ്കോറിംഗ് വേഗം കുറഞ്ഞു. 11 പന്തില്‍ 17 റണ്‍സടിച്ച സാം കറന്‍ ചെന്നൈയുടെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണിക്ക് വരുണ്‍ ചക്രവര്‍ത്തിക്കെതിരെ പിഴച്ചു. ചക്രവര്‍ത്തിയെ സിക്സടിക്കാന്‍ ശ്രമിച്ച ധോണി(12 പന്തില്‍ 11) ക്ലീന്‍ ബൗള്‍ഡായി.

 

തൊട്ടുപിന്നാലെ സാം കറനെ(11 പന്തില്‍ 17) ഓയിന്‍ മോര്‍ഗന്‍റെ കൈകളിലെത്തിച്ച് ആന്ദ്രെ റസല്‍ ചെന്നൈയുടെ ലക്ഷ്യം കൂടുതല്‍ ദുഷ്കരമാക്കി. കേദാര്‍ ജാദവിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവസാന ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും പറത്തി ജഡേജ ചെന്നൈയുടെ തോല്‍വിഭാരം കുറച്ചു.

 

click me!