മറ്റ് ടീമുകളുടെ നിര്‍ഭാഗ്യം എന്നല്ലാതെ എന്താണ് പറയുക, മലയാളി താരത്തെ പ്രശംസകൊണ്ട് മൂടി ഇംഗ്ലീഷ് ഇതിഹാസം

By Web TeamFirst Published Oct 31, 2020, 5:25 PM IST
Highlights

പ്രതിഭാശാലിയായ കളിക്കാരനാണ് പടിക്കല്‍. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുമറിയാം. കളിയെക്കുറിച്ചും മികച്ച ധാരണയുണ്ട്. സ്പിന്നിനെയും പേസിനെയും നന്നായി കളിക്കും. ഇതില്‍ക്കൂടുതല്‍ എന്താണ് ഒരു കളിക്കാരനില്‍ നിന്ന് ആവശ്യപ്പെടാനാകുക.

ദുബായ്: ഐപിഎല്ലില്‍ മിന്നുന്ന ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്‌ദത്ത് പടിക്കലിനെ പ്രശംസകൊണ്ട് മൂടി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ആദ്യമായി ഐപിഎല്ലില്‍ കളിക്കാനിറങ്ങിയ പടിക്കല്‍ ഇപ്പോള്‍ ബാംഗ്ലൂരിന്‍റെ വിശ്വസ്തനായ ഓപ്പണറാണ്. ഈ സീസണില്‍ 12 കളികളില്‍ 417 റണ്‍സടിച്ച പടിക്കല്‍ റണ്‍വേട്ടയില്‍ ബാംഗ്ലൂര്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തൊട്ടുപിന്നിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ പടിക്കല്‍ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയിരുന്നു.

വരും വര്‍ഷങ്ങളില്‍ പടിക്കലിനെ ഇന്ത്യന്‍ ജേഴ്സിയില്‍ ദീര്‍ഘകാലം കാണാനാകുമെന്ന് വോണ്‍ പറഞ്ഞു. എനിക്കുറപ്പുണ്ട്, വരും വര്‍ഷങ്ങളില്‍ ഐപിഎല്ലില്‍ മാത്രമല്ല കൂടുതല്‍ രാജ്യാന്തര മത്സരങ്ങളിലും പടിക്കിലെ കാണാനാകുമെന്ന്. അതിന് ചിലപ്പോള്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നേക്കാം, ഇല്ലെങ്കില്‍ വളരെ പെട്ടന്നും സംഭവിക്കാം.

പ്രതിഭാശാലിയായ കളിക്കാരനാണ് പടിക്കല്‍. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുമറിയാം. കളിയെക്കുറിച്ചും മികച്ച ധാരണയുണ്ട്. സ്പിന്നിനെയും പേസിനെയും നന്നായി കളിക്കും. ഇതില്‍ക്കൂടുതല്‍ എന്താണ് ഒരു കളിക്കാരനില്‍ നിന്ന് ആവശ്യപ്പെടാനാകുക. എന്തായാലും മറ്റ് ടീമുകളുടെ നിര്‍ഭാഗ്യം എന്നെ പറയാനാകു, കാരണം ഇന്ത്യക്ക് പുതിയൊരു ബാറ്റ്സ്മാനെ കൂടി കിട്ടിയിരിക്കുന്നു-ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ പറഞ്ഞു.

മുഷ്താഖ് അലി ടി20യില്‍ കര്‍ണാടകക്കായി നടത്തി മികച്ച പ്രകടനമാണ് ഈ സീസണില്‍ ഐപിഎല്‍ താരലേലത്തില്‍ പടിക്കലിനെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ് പടിക്കല്‍ ബാംഗ്ലൂര്‍ ടീമിലെത്തിയത്.

click me!