ഓപ്പണര്‍മാരെ ആര്‍ച്ചര്‍ എറിഞ്ഞിട്ടു; രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Oct 9, 2020, 8:06 PM IST
Highlights

ഓപ്പണര്‍മാരായ ശീഖര്‍ ധവാന്‍റെയും(5) പൃഥ്വി ഷായുടെയും(10 പന്തില്‍ 19), ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും(18 പന്തില്‍ 22) വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്.

ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റ് ചെയ്യുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. ഓരോ റണ്‍സ് വീതമെടുത്ത് റിഷഭ് പന്തും സ്റ്റോയിനസും ക്രീസില്‍.

ഓപ്പണര്‍മാരായ ശീഖര്‍ ധവാന്‍റെയും(5) പൃഥ്വി ഷായുടെയും(10 പന്തില്‍ 19), ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും(18 പന്തില്‍ 22) വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ധവാനെ രണ്ടാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ യശസ്വി ജയ്‌സ്വാളിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഷായെ ആര്‍ച്ചര്‍ സ്വന്തം ബൗളിംഗില്‍ പിടികൂടിയപ്പോള്‍ ശ്രേയസ് അയ്യര്‍ യശസ്വി ജയ്‌സ്വാളിന്‍റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായി.

വരുണ്‍ ആരോണിന്‍റെ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത ഡല്‍ഹി ആര്‍ച്ചര്‍ക്കെതിരെ കരുതലോടെയാണ് കളിച്ചത്. എന്നാല്‍ ആരോണ്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും അടക്കം 18 റണ്‍സടിച്ച് ഡല്‍ഹി ടോപ് ഗിയറിലായി. ആരോണിന്‍റെ പന്തില്‍ പൃഥ്വി ഷാ നല്‍കിയ ക്യാച്ച് കാര്‍ത്തിക് ത്യാഗി കൈവിട്ടത് രാജസ്ഥാന് തിരിച്ചടിയായി. കാര്‍ത്തിക് ത്യാഗി എറിഞ്ഞ നാലാം ഓവറില്‍ ഏഴ് റണ്‍സ് മാത്രമെ ഡല്‍ഹിക്ക് നേടാനായുള്ളു.

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്ത് പുള്‍ഷോട്ടിലൂടെ അതിര്‍ത്തികടത്തിയ പൃഥ്വി ഷാ അടുത്ത ഷോര്‍ട്ട് ബോളിലും പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ആന്‍ഡ്ര്യു ടൈ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ശ്രേയസ് അയ്യര്‍ റണ്ണൗട്ടായത് ഡല്‍ഹിക്ക് തിരിച്ചടിയായി.

ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്.അതേസമയം മൂന്നാം ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുണ്ട്. പകരക്കാരനായി ആന്‍ഡ്ര്യു ടൈയും അങ്കിത് രജ്പുതിന് പകരം വരുണ്‍ ആരോണും രാജസ്ഥാന്‍റെ അന്തിമ ഇലവനിലെത്തി.

Powered by

click me!