
ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പാറ്റ് കമിന്‍സിനെ പുറത്താക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍ എടുത്ത പറക്കും ക്യാച്ചിന് കൈയടിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും.1992ലെ ലോകകപ്പില്‍ താനും സമാനമായ ക്യാച്ച് സ്വന്തമാക്കിയിട്ടുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.
പാറ്റ് കമ്മിന്‍സിനെ പുറത്താക്കാനുള്ള ശ്രമത്തിൽ തലയടിച്ച് വീണെങ്കിലും സഞ്ജു പന്ത് കൈവിട്ടില്ല.സഞ്ജുവിന്‍റേത് തകര്‍പ്പന്‍ ക്യാച്ചായിരുന്നു. 1992ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സമാനമായ ശ്രമം ഞാനും നടത്തിയിട്ടുണ്ട്. ഗ്രൗണ്ടിൽ ശക്തമായി തലയടിക്കുമ്പോഴുള്ള വേദന എനിക്ക് അറിയാം- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ സച്ചിനെടുത്ത ക്യാച്ചിനൊപ്പം സഞ്ജുവിന്‍റെ ക്യാച്ചും ചേര്‍ത്തുള്ള ആരാധകന്‍റെ വീഡിയോ നന്ദി അറിയിച്ച് സച്ചിന്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇന്നലെ കൊല്‍ക്കത്ത ഇന്നിംഗ്സിന്‍റെ അവസാനം പാറ്റ് കമിന്‍സിനെ പുറത്താക്കാനാണ് സഞ്ജു ഡീപ് ഫൈന്‍ ലെഗ്ഗില്‍ പിന്നിലേക്ക് പറന്ന് ക്യാച്ച് കൈയിലൊതുക്കിയത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ജോസ് ബട്‌ലറുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായപ്പോഴും ഫീല്‍ഡിംഗ് മികവുകൊണ്ട് സഞ്ജു അമ്പരപ്പിച്ചിരുന്നു. കേദാര്‍ ജാദവിനെ പുറത്താക്കാന്‍ ആകാശത്തേക്കുയര്‍ന്ന് ഒറ്റക്കൈയില്‍ ക്യാച്ച് കൈയിലൊതുക്കി സഞ്ജു ആരാധകരെ അതിശയിപ്പിച്ചു.
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ ബൗണ്ടറിയില്‍ വായുവില്‍ പറന്ന് സഞ്ജു സിക്സ് സേവ് ചെയ്യുന്നതുകണ്ട് ക്യാപ്റ്റന്‍ വിരാട് കോലിപോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചതും ആരാധകര്‍ മറന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!