റാഷിദ് ഖാനെ എങ്ങനെ നേരിടും; മറുപടിയുമായി സച്ചിന്‍

By Web TeamFirst Published Oct 31, 2020, 6:17 PM IST
Highlights

റാഷിദിനെ ഇതുവരെ നേരിടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്‍റെ പ്രകടനം ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ഗുഗ്ലികള്‍ മനസിലാക്കാന്‍ വളരെ കുറച്ചുപേര്‍ക്കെ ഇതുവരെ കഴിഞ്ഞിട്ടുള്ളു.

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ സ്പിന്‍ മാന്ത്രികനാണ് റാഷിദ് ഖാന്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് വേട്ട നടത്തുന്ന റാഷിദിന്‍റെ മികവിലാണ് ഹൈദരാബാദ് പല മത്സരങ്ങളിലും ജയിച്ചു കയറിയത്.  ഈ സീസണില്‍ 12 കളികളില്‍ 17 വിക്കറ്റ് നേടിയ റാഷിദ് വിക്കറ്റ് വേട്ടയില്‍ ഏഴാം സ്ഥാനത്താണ്.

എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് ഇക്കോണമി റാഷിദിന്‍റെ പേരിലാണ്. 5 റണ്‍സ് മാത്രമാണ് റാഷിദിന്‍റെ ഇത്തവണത്തെ ഇക്കോണമി. ലെഗ് സ്പിന്നറായ റാഷിദിന്‍റെ ഗുഗ്ലികള്‍ മനസിലാക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ പാടുപെടുന്നതാണ് ഇത്രയും മികച്ച ഇക്കോണമിക്കും വിക്കറ്റ് വേട്ടക്കും റാഷിദിനെ പ്രാപ്തനാക്കിയത്. എന്നാല്‍ റാഷിദിനെ നേരിടേണ്ട സാഹചര്യം വന്നാല്‍ എങ്ങനെയായിരിക്കും നേരിടുക എന്ന് തുറന്നു പറയുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്‍റെ യുട്യൂബ് ചാനലിലാണ് സച്ചിന്‍ റാഷിദിനെ നേരിടാനുള്ള തന്ത്രങ്ങളെക്കുറിച്ച് മനസുതുറന്നത്.

റാഷിദിനെ ഇതുവരെ നേരിടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്‍റെ പ്രകടനം ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ഗുഗ്ലികള്‍ മനസിലാക്കാന്‍ വളരെ കുറച്ചുപേര്‍ക്കെ ഇതുവരെ കഴിഞ്ഞിട്ടുള്ളു. ലോകോത്തര ബൗളറായ റാഷിദ് ഏത് ബോളാണ് എറിയാന്‍ പോകുന്നതെന്ന് നമുക്ക് ഊഹിക്കാനാവില്ല.

തനിക്ക് എപ്പോഴെങ്കിലും റാഷിദിനെ നേരിടേണ്ടിവന്നാല്‍ വിക്കറ്റ് കളയാതെ റണ്‍സടിക്കാനാകും ശ്രമിക്കുക. റാഷിദിനെ എങ്ങനെയാകും നേരിടുക എന്ന് കൃത്യമായി പറയാനാവില്ലെങ്കിലും അദ്ദേഹത്തിന്‍റെ റണ്ണപ്പും പന്തിലെ ഗ്രിപ്പും സസൂഷ്മം ശ്രദ്ധിച്ചശേഷം നേരിടുമെന്നെ ഇപ്പോള്‍ പറയാനാകു. ഗ്രിപ്പ് ഒളിപ്പിച്ച് വെക്കാനാവും എല്ലായ്പ്പോഴും ബൗളര്‍മാര്‍ ശ്രമിക്കുക. എന്നാല്‍ പന്ത് കൈയില്‍ നിന്ന് വിടുന്ന സമയത്ത് ഇത് ബാറ്റ്സ്മാന് മനിസിലാക്കാന്‍ കഴിയും.

അതുകൊണ്ടുതന്നെ റണ്ണപ്പും പന്തിലെ ഗ്രിപ്പും ശ്രദ്ധിച്ച് അദ്ദേഹത്തെ നേരിടാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ പന്തിന്‍റെ വായുവിലെ ഗതിനോക്കിയും നുമുക്ക് അത് എങ്ങോട്ട് തിരിയുമെന്ന് ഏകദേശ ധാരണ ലഭിച്ചേക്കാം. എന്തായാലും അദ്ദേഹത്തെ നേരിടാന്‍ കഴിയാത്തതിനാല്‍ ഇത്രയൊക്കെ മാത്രമെ ഇപ്പോള്‍ പറയാനാവു. അദ്ദേഹത്തെ നേരിടുന്നതുവരെ അതേക്കുറിച്ച് പറയുന്നതില്‍ കാര്യമില്ല. ഞാന്‍ വേണമെങ്കില്‍ അദ്ദേഹത്തോട് നെറ്റ്സില്‍ എനിക്ക് പന്തെറിയാന്‍ അഭ്യര്‍ത്ഥിക്കാം, അപ്പോള്‍ എനിക്ക് മനസിലാവുമല്ലോ, എങ്ങനെ നേരിടാമെന്ന്-സച്ചിന്‍ പറഞ്ഞു.

click me!