
ദുബായ്: ഐപിഎല്ലില്‍ വെടിക്കെട്ട് തുടക്കമിട്ട മലയാളി താരം സഞ്ജു സാംസണ്‍ ഇടക്കൊന്ന് നിറം മങ്ങിയെങ്കിലും മുംബൈക്കെതിരായ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയോടെ വീണ്ടും ആരാധകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. മുംബൈക്കെതിരെ ബെന്‍ സ്റ്റോക്സിന്‍റെ സെഞ്ചുറിയോളം തിളക്കമുള്ളതായിരുന്നു സഞ്ജു കളിച്ച സെന്‍സിബിള്‍ ഇന്നിംഗ്സ്.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടി സീസണ്‍ തുടങ്ങിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തി. സഞ്ജുവിനെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പോലും പിന്നീട് സഞ്ജുവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്മയ്ക്കെതിരെ വിമര്‍ശനങ്ങളും ഏറി. ഇതിനിടെയാണ് മുംബൈക്കെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ തുടക്കത്തില്‍ രണ്ട് വിക്കറ്റ് പോയിട്ടും സഞ്ജുവും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് രാജസ്ഥാന് അത്ഭുതജയം സമ്മാനിച്ചത്.
വിമര്‍ശനങ്ങളേറെ കേട്ടെങ്കിലും ബട്‌ലറും സ്റ്റോക്സും സ്മിത്തും ഉത്തപ്പയും എല്ലാം അടങ്ങിയ രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ ഈ സിസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും സഞ്ജുവാണ്. 12 മത്സരങ്ങളില്‍ 326 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ് സഞ്ജു. 276 റണ്‍സുമായി സ്റ്റീവ് സ്മിത്ത് 21-ാമതും 271 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ബട്‌ലര്‍ 22-ാമതുമാണ്.
പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത രാജസ്ഥാന്‍റെ അടുത്ത പോരാട്ടം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആണ്. നിര്‍ണായക പോരാട്ടത്തിന് മുമ്പ് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ അടിച്ചു തകര്‍ക്കുന്ന സഞ്ജുവിന്‍റെ വീഡിയോ പങ്കുവെച്ച രാജസ്ഥാന്‍ റോയല്‍സ് കുറിച്ചത്, കുറച്ചു മലയാളി മസാല കൂടി എന്നായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!