ഐപിഎല്‍: മുംബൈക്ക് എളുപ്പമല്ല, കിരീട സാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്ത് പീറ്റേഴ്സണ്‍

By Web TeamFirst Published Sep 17, 2021, 9:44 PM IST
Highlights

കിരീടം നിലനിര്‍ത്തണമെങ്കില്‍ അദ്യ പന്തുമുതല്‍ മുംബൈ ചാമ്പ്യന്‍മാരെപ്പോലെ കളിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രതിഭാസമ്പത്ത് കണക്കിലെടുത്താല്‍ അതിനവര്‍ക്ക് കഴിയും. ഐപിഎല്‍ ആദ്യപാദം പൂര്‍ത്തിയായപ്പോള്‍ ഏഴ് കളികളില്‍ നാലു ജയവുമായി എട്ടു പോയന്‍റോടെ നാലാം സ്ഥാനത്താണ് മുംബൈ.

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം നിലനിര്‍ത്തുക എളുപ്പമല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. പതിവുപോലെ മെല്ലെത്തുടങ്ങി ടൂര്‍ണമെന്‍റിന്‍റെ അവസാനം കത്തിക്കയറുന്ന മുംബൈയുടെ പതിവുപരിപാടി ഇത്തവണ നടപ്പില്ലെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

രണ്ടാം പാദത്തില്‍ തുടക്കത്തിലെ പതിവുപോലെ ഒന്ന് രണ്ട് മത്സരങ്ങള്‍ തോറ്റാല്‍ മുംബൈ ഇന്ത്യന്‍സിന് മുന്നോട്ടുള്ള പോക്ക് എളുപ്പമാവില്ല. കാരണം, ഐപിഎല്‍ ഒന്നാം പാദം പൂര്‍ത്തിയായി ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പാദത്തിലാണ് നമ്മള്‍. അവരുടെ മികവിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നോ നാലോ കളികള്‍ തോറ്റാല്‍ അത് മുംബൈക്ക് കനത്ത തിരിച്ചടിയാവും. കാരണം, ഇനി അധികം മത്സരങ്ങള്‍ ബാക്കിയില്ല.

കിരീടം നിലനിര്‍ത്തണമെങ്കില്‍ അദ്യ പന്തുമുതല്‍ മുംബൈ ചാമ്പ്യന്‍മാരെപ്പോലെ കളിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രതിഭാസമ്പത്ത് കണക്കിലെടുത്താല്‍ അതിനവര്‍ക്ക് കഴിയും. ഐപിഎല്‍ ആദ്യപാദം പൂര്‍ത്തിയായപ്പോള്‍ ഏഴ് കളികളില്‍ നാലു ജയവുമായി എട്ടു പോയന്‍റോടെ നാലാം സ്ഥാനത്താണ് മുംബൈ.

എന്നാല്‍ മറുവശത്ത് ഏവരെയും അത്ഭുതപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യപാദത്തില്‍ മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. പോയന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. എല്ലാവരും വയസന്‍പടയെന്ന് വിളിച്ച് കളിയാക്കിയതാണ് അവരെ. എങ്കിലും ഇപ്പോള്‍ കിരീടം ലക്ഷ്യംവെച്ചാണ് അവരുടെ മുന്നേറ്റം. എന്നാല്‍ നാലുമാസത്തെ ഇടവേള ടീമിലെ പ്രായമായ താരങ്ങളുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം. എല്ലാവരും എഴുതിത്തള്ളിയെങ്കിലും  ഐപിഎല്ലില്‍ ഇപ്പോള്‍ കിരീട സാധ്യതയുള്ളവര്‍ ചെന്നൈ ആണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!