
ബംഗളൂരു: ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. സൗരവ് ഗാംഗുലിയും വിരാട് കോലിയും പരസ്പരം ഹസ്തദാനം നൽകാതിരുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. വിരാട് കോലി മനപൂർവ്വം ഗാംഗുലിക്ക് ഹസ്തദാനം നൽകിയില്ലെന്നാണ് വീഡിയോ ചൂണ്ടിക്കാട്ടി ചിലർ പ്രതികരിക്കുന്നത്. എന്നാൽ, കോലി റിക്കി പോണ്ടിംഗുമായി സംസാരിക്കുമ്പോൾ, വരി തെറ്റിച്ച് ഗാംഗുലി കോലിക്ക് ഹസ്തദാനം നൽകാതെ പോവുകയായിരുന്നുവെന്ന് ഒരു കൂട്ടർ വാദം ഉന്നയിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴി തുറന്നിട്ടുള്ളത്. ഇതിനൊപ്പം മത്സരത്തിനിടെ ഒരു ക്യാച്ച് എടുത്ത ശേഷം ഗാഗാംഗുലി ഇരിക്കുന്ന ഭാഗത്തേക്ക് വളരെ രൂക്ഷമായി കോലി നോക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കോലി ടീം ഇന്ത്യയുടെ നായകനും ഗാംഗുലി ബിസിസിഐ പ്രസിഡന്റുമായിരുന്ന സമയത്തുണ്ടായ ക്യാപ്റ്റൻസി വിവാദം ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ചിരുന്നു. ഇതാണോ ഇരുവരും തമ്മിലുള്ള പ്രശ്നമെന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ഡല്‍ഹി ക്യാപിറ്റൽസ് ഏറ്റുവാങ്ങിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിരാട് കോലിയാണ് (34 പന്തില്‍ 50) ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ വിജയ്കുമാര്‍ വൈശാഖാണ് ഡല്‍ഹിയെ തകര്‍ത്തത്. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!