അഹങ്കാരത്തിന് ഒരു കുറവുമില്ല; സഹതാരത്തോടുള്ള ക്രുനാലിന്‍റെ പെരുമാറ്റം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍

By Web TeamFirst Published Apr 30, 2021, 2:49 PM IST
Highlights

ഫീല്‍ഡില്‍ സഹതാരത്തോടുള്ള ക്രുനാലിന്‍റെ പെരുമാറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. മുംബൈ ഇന്നിംഗ്സിന്‍റെ പതിനഞ്ചാം ഓവറില്‍ ബാറ്റിംഗിനിടെ രണ്ടാം റണ്ണിനായി ഓടിയ ക്രുനാല്‍ റണ്ണൗട്ടാവാതിരിക്കാന്‍ ബാറ്റിംഗ് ക്രീസിലേക്ക് ഡൈവ് ചെയ്തു

ദില്ലി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ നിര്‍ണായക സംഭാവന നല്‍കിയത് ക്രുനാല്‍ പാണ്ഡ്യയായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കും കീറോണ്‍ പൊള്ളാര്‍ഡിനും മുമ്പെ ഇറങ്ങിയ ക്രുനാല്‍ 26 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 39 റണ്‍സെടുത്ത് മുംബൈയുടെ ജയമുറപ്പിച്ചാണ് പുറത്തായത്.

എന്നാല്‍ ഫീല്‍ഡില്‍ സഹതാരത്തോടുള്ള ക്രുനാലിന്‍റെ പെരുമാറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. മുംബൈ ഇന്നിംഗ്സിന്‍റെ പതിനഞ്ചാം ഓവറില്‍ ബാറ്റിംഗിനിടെ രണ്ടാം റണ്ണിനായി ഓടിയ ക്രുനാല്‍ റണ്ണൗട്ടാവാതിരിക്കാന്‍ ബാറ്റിംഗ് ക്രീസിലേക്ക് ഡൈവ് ചെയ്തു. ഇതിനുശേഷം ഡഗ് ഔട്ടിലേക്ക് നോക്കി കൈയിലെ വിയര്‍പ്പ് മാറ്റാനുള്ള മോയ്സചറൈസര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

സഹതാരം അനുകുല്‍ റോയ് മോയ്സചറൈസറുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തി. എന്നാല്‍ ഇത് കൈയില്‍ സ്പ്രേ ചെയ്തശേഷം ഒന്നു നോക്കുകപോലും ചെയ്യാതെ ക്രുനാല്‍ മോയ്സചറൈസര്‍ സ്പ്രേയര്‍ അനുകൂലിനു നേരെ വലിച്ചെറിതാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത്.  

pic.twitter.com/sav4v3mcoL

— pant shirt fc (@pant_fc)

മുമ്പും സഹതാരങ്ങളോടും എതിര്‍ താരങ്ങളോടുമുള്ള മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ക്രുനാല്‍ വിമര്‍ശന വിധേയനായിട്ടുണ്ട്. ബറോഡ ടീമിലെ സഹതാരമായിരുന്ന ദീപക് ഹൂഡയുമായുള്ള തര്‍ക്കവും ഒടുവില്‍ ഹൂഡ ടീം ഹോട്ടല്‍ വിട്ടതും പിന്നാലെ ഹൂഡയെ സസ്പെന്‍ഡ് ചെയ്തയുമെല്ലാം സമീപകാലത്ത് വിവാദമായിരുന്നു.

click me!