ആ കളി വേണ്ട; പരിശീലനത്തിനിടെ കോലിയുടെ തന്ത്രം പൊളിച്ച് ജമൈസണ്‍

By Web TeamFirst Published May 1, 2021, 1:59 PM IST
Highlights

ഐപിഎല്‍ കഴിഞ്ഞാല്‍ ജൂണില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ സ്വന്തം ക്യാപ്റ്റനാണെങ്കിലും വിരാട് കോലി പറഞ്ഞാലൊന്നും സഹതാരം കെയ്ല്‍ ജമൈസണ്‍ കുലുങ്ങില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന ജമൈസണ്‍ ക്യാപ്റ്റന്‍ കോലിയുടെ തന്ത്രം നൈസായി പൊളിച്ചടുക്കിയ കഥ സഹതാര ഡാന്‍ ക്രിസ്റ്റ്യനാണ് വെളിപ്പെടുത്തിയത്.

പരിശീലനത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചായിരുന്നു ഞാനും ജമൈസണും കോലിയും ചര്‍ച്ച ചെയ്തത്. ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തില്‍ പന്തെറിഞ്ഞിട്ടുണ്ടോ എന്ന് ഇതിനിടെ കോലി ജമൈസണോട് ചോദിച്ചു. തന്‍റെ കൈവശം ഏതാനും ഡ്യൂക്ക് പന്തുകള്‍ ഉണ്ടെന്നായിരുന്നു ജമൈസണിന്‍റെ മറുപടി. അതുപയോഗിച്ച് തനിക്ക് നെറ്റ്സില്‍ പന്തെറിഞ്ഞു തരാമോ എന്ന് കോലി ജാമിയോട് ചോദിച്ചു. എന്നാല്‍ ക്ഷമിക്കണം, എനിക്ക് അത് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടിയെന്ന് ക്രിസ്റ്റ്യന്‍ പറഞ്ഞു.

ഐപിഎല്‍ കഴിഞ്ഞാല്‍ ജൂണില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഡ്യൂക് പന്തുകളാകും ഫൈനലില്‍ ഉപയോഗിക്കുക എന്ന് തിരിച്ചറിഞ്ഞാണ് ന്യൂസിലന്‍ഡ് ടീമിലെ പ്രധാന ബൗളര്‍ കൂടിയായ ജമൈസണോട് കോലി നെറ്റ്സില്‍ ആ പന്തുകള്‍ ഉപയോഗിച്ച് പന്തെറിയാമോ എന്ന് ചോദിച്ചത്. എന്നാല്‍ കോലിയുടെ തന്ത്രം തുടക്കത്തിലെ തിരിച്ചറിഞ്ഞ ജമൈസണ്‍ അത് പൊളിച്ചുവെന്നാണ് ക്രിസ്റ്റ്യന്‍ പറയുന്നത്.

ഗ്രൗണ്ടിന് പുറത്ത് കളിക്കാരുടെ മറ്റ് പരിപാടികളിലൊന്നും കോലിയെ അധികം കാണാനാവില്ലെന്നും ക്രിസ്റ്റ്യന്‍ പറഞ്ഞു. കുടുംബത്തോടൊപ്പമാണ് കോലി കഴിയുന്നത്. അതുകൊണ്ടുതന്നെ കളിക്കളത്തിന് പുറത്ത് അദ്ദേഹം അധികം ഇടപെടാറില്ല. എന്നാല്‍ എ ബി ഡിവില്ലിയേഴ്സും ഗ്ലെന്‍ മാക്സ്‌വെല്ലുമെല്ലാം എല്ലാ ആഘോഷത്തിലും ആദ്യവസാനം ഉണ്ടാകുമെന്നും ക്രിസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്‍റെ കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ജമൈസണ്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിറപ്പിച്ചിരുന്നു. ജാമൈസണിന്‍റെ മികവ് മനസിലാക്കിയാണ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ കോലിയുടെ ബാംഗ്ലൂര്‍ 15 കോടി രൂപ മുടക്കി അദ്ദേഹത്തെ ടീമിലെടുത്തത്.

click me!