
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിന് ആശ്വസിക്കാന്‍ വകയില്ല. ബാറ്റിംഗിലെ മെല്ലെപ്പോക്കിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മാച്ച് റഫറി രാഹുലിന് 12 ലക്ഷം രൂപ പിഴ ചുമത്തി. സീസണില്‍ ഇതാദ്യമായാണ് ലഖ്നൗ ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നത്.
മത്സരങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച മൂന്ന് മണിക്കൂര്‍ 20 മിനിറ്റിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും എന്നാല്‍ പല മത്സരങ്ങളും നാലു മണിക്കൂറിലേറെ നീളുന്നതിനാല്‍ ക്യാപ്റ്റന്‍മാര്‍ തുടര്‍ച്ചയായി പിഴ ഒടുക്കേണ്ടിവരുന്നത് പതിവാകുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും നേരത്തെ 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്കും ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ചു.
തെറ്റ് വീണ്ടും അവര്‍ത്തിച്ചാല്‍ നായകന് ഒരു മത്സര സസ്പെന്‍ഷന്‍ ലഭിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജുവും ധോണിയും രാഹുലം അടക്കമുളള ക്യാപ്റ്റന്‍മാര്‍ ഓവറുകള്‍ നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ മുന്‍കരുതലെടുക്കേണ്ടിവരും. നിശ്ചിത സമയത്ത് ഓവറുകള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ പൂര്‍ത്തിയാകാനുള്ള ശേഷിക്കുന്ന ഓവറുകളില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറി ലൈനില്‍ അനുവദിക്കൂ. ഇന്നലെ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 19 റണ്‍സ് വേണ്ടപ്പോള്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ലഖ്നൗവിന് ബൗണ്ടറിയില്‍ നിര്‍ത്താനായുള്ളു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!