Latest Videos

ആരാധകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് ധോണി; കാത്തിരിക്കുന്നത് ഇത്തവണയും കിരീടം? ചരിത്രം അങ്ങനെയാണ്!

By Web TeamFirst Published May 24, 2023, 6:12 PM IST
Highlights

പത്ത് ടീമുകളുള്ള ഐപിഎല്ലിലെ കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പർ കിംഗ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിൽ ആരാധകർക്ക് നൽകിയ വാക്ക് പാലിക്കുകയായിരുന്നു ഇത്തവണ എം എസ് ധോണിയും സംഘവും. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍-1ലെ ജയം ചെന്നൈയ്ക്ക് ഇരട്ടി മധുരമാവുകയും ചെയ്‌തു. ചെന്നൈ 15 റൺസിനാണ് ഗുജറാത്തിനെ തോൽപിച്ചത്.

പത്ത് ടീമുകളുള്ള ഐപിഎല്ലിലെ കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പർ കിംഗ്‌സ്. നിരാശരായ ആരാധകർക്ക് ഒറ്റ ഉറപ്പേ ക്യാപ്റ്റൻ എം എസ് ധോണിക്ക് നൽകാനുണ്ടായിരുന്നുള്ളു. അടുത്ത സീസണിൽ സിഎസ്കെ ശക്തമായി തിരിച്ചുവരും എന്നായിരുന്നു ഉറപ്പ്. ധോണിയും ചെന്നൈയും വാക്കുപാലിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിനെ തോൽപിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് ഫൈനലിൽ പ്രവേശിച്ചു. സ്വന്തം കാണികൾക്ക് മുന്നിലെ ഈ വിജയം സിഎസ്കെയ്ക്ക് ഇരട്ടി മധുരമാണ്. പ്രായം ശരീരത്തെ തളർത്തിയിട്ടുണ്ടെങ്കിലും ധോണിയുടെ തന്ത്രങ്ങൾക്ക് അൽപം പോലും കോട്ടം തട്ടിയിട്ടില്ലെന്ന് ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയും സമ്മതിക്കുന്നു. ധോണിയുടെ നേതൃത്വത്തിൽ പത്താം തവണയാണ് ചെന്നൈ ഐപിഎൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ഒത്തുപിടിച്ച് നേടിയ ഫൈനലാണ് ഇതെന്നാണ് ധോണിയുടെ പ്രതികരണം.

2020 സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തൊട്ടടുത്ത വ‍ർഷം കിരീടം സ്വന്തമാക്കിയാണ് ധോണിയും ചെന്നൈയും മറുപടി നൽകിയത്. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തേക്ക് വീണ ചെന്നൈ ഇത്തവണ കിരീടത്തിലൂടെ ചരിത്രം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. 

ഐപിഎല്‍ 2023ന്‍റെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്ണിന് മലർത്തിയടിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പത്താം ഫൈനലില്‍ പ്രവേശിച്ചത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സിന്‍റെ എല്ലാ വിക്കറ്റുകളും 20 ഓവറില്‍ 157 റണ്‍സില്‍ നഷ്‌ടമാവുകയായിരുന്നു. ബാറ്റിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദും(44 പന്തില്‍ 60), ദേവോണ്‍ കോണ്‍വേയും(34 പന്തില്‍ 40) മികച്ച തുടക്കം ചെന്നൈക്ക് തുടങ്ങിയപ്പോള്‍ പിന്നീടുള്ളവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ബൗളിംഗിലും നിയന്ത്രണം കൈക്കലാക്കാന്‍ സിഎസ്‌കെയ്‌ക്കായി. ദീപക് ചാഹര്‍, മഹീഷ് തീക്‌ഷന, രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വീതവും തുഷാര്‍ ദേശ്‌പാണ്ഡെ ഒരു വിക്കറ്റും നേടി. 

Read more: ഡിജെ സ്റ്റൈലില്‍ ലിഫ്റ്റില്‍ വരെ ഡാന്‍സ്; പത്താം ഫൈനല്‍ പ്രവേശം ആഘോഷിച്ച് സിഎസ്‌കെ- വീഡിയോ

click me!