ഇനി ഐപിഎല്‍ പോരാട്ടങ്ങള്‍; ഇന്ന് രോഹിത്തും ധോണിയും നേര്‍ക്കുനേര്‍

By Web TeamFirst Published Sep 19, 2021, 10:37 AM IST
Highlights

കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രീസിലെത്തുമ്പോള്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളില്‍.

ദുബായ്: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎല്‍ ആരവത്തിലേക്ക്. പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കമാവും. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ധോണിയുടെ ചെന്നൈ. രോഹിത്തിന്റെ മുംബൈ. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഐപിഎല്‍ ആരവങ്ങളിലേക്ക് അമരാന്‍ ഇതിനേക്കാള്‍ മികച്ചൊരു പോരാട്ടമില്ല. 

കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രീസിലെത്തുമ്പോള്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളില്‍. രോഹിത്തും ക്വിന്റണ്‍ ഡി കോക്കും ഇന്നിംഗ്‌സ് തുറക്കുന്ന മുംബൈ സര്‍വസജ്ജര്‍. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ കീറണ്‍ പൊള്ളാര്‍ഡ്, പണ്ഡ്യ സഹോദരന്‍മാര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിവരും ടീമിലുറപ്പ്. രാഹുല്‍ ചഹറോ, ജയന്ത് യാദവോ ആഡം മില്‍നേയോ, നേഥന്‍ കൗള്‍ട്ടര്‍നൈലോ എന്ന കാര്യത്തില്‍ മാത്രമാണ് ഉറപ്പില്ലാത്തത്.

ചെന്നൈ നിരയില്‍ മാറ്റം ഉറപ്പ്. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഡുപ്ലെസി പരിശീലനം തുടങ്ങിയെങ്കിലും ടീമിലെത്താനിടയില്ല. സാം കറന്‍ ഇപ്പോഴും ക്വാറന്റീനില്‍. റുതുരാജ് ഗെയ്ക്വാദിനൊപ്പം മോയിന്‍ അലി ഓപ്പണ്‍ ചെയ്യാനെത്തിയേക്കും. സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു എന്നവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയുടേയും ഡ്വയിന്‍ ബ്രാവോയുടെയും ഓള്‍റൗണ്ട് മികവും ധോണിയുടെ പരിചയസമ്പത്തും കൂടിയാവുമ്പോള്‍ ചെന്നൈ ആരാധകര്‍ക്ക് പ്രതീക്ഷയേറെ. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇമ്രാന്‍ താഹിര്‍, ലുംഗി എന്‍ഗിഡി ഇല്ലെങ്കില്‍ ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ബൗളിംഗ് നിരയിലെത്താനാണ് സാധ്യത.

click me!