
ദില്ലി: കൊവിഡ് ഭീഷണിയിലായ ഐ പിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും വീണ്ടും നേർക്കുനേർ. ഡൽഹിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തൊട്ടതെല്ലാം പിഴച്ചപ്പോൾ തുടർച്ചയായ രണ്ട് തോൽവികൾക്കുശേഷം ചെന്നൈക്കെതിരെ പൊരുതി നേടിയ ജയത്തോടെ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.
സീസണിൽ ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ മുംബൈ ജയിച്ചത് 13 റൺസിനായിരുന്നു. അന്നത്തെ തോൽവിക്ക് പുതിയ നായകൻ കെയ്ൻ വില്യംസണിലൂടെ മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. ഏഴ് കളിയിൽ ആറിലും തോറ്റതോടെയാണ് ഡേവിഡ് വാർണർക്ക് ക്യാപ്റ്റൻസിക്കൊപ്പം, ടീമിലെ സ്ഥാനംപോലും നഷ്ടമായത്. ജോണി ബെയ്ർസ്റ്റോയെയും സ്പിന്നർ റഷിദ് ഖാനെയും മാറ്റിനിർത്തിയാൽ ഹൈദരാബാദ് നിരയിൽ ആർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല.
മധ്യനിര ബാറ്റ്സ്മാൻമാർ സമ്പൂർണ പരാജയമാണ്. ചെന്നൈയെ തോൽപിച്ചെത്തുന്ന മുംബൈയ്ക്ക് രോഹിത് ശർമ്മയും ക്വിന്റൺ ഡി കോക്കും നൽകുന്ന തുടക്കമാവും നിർണായകമാവുക. സൂര്യകുമാർ യാദവും കീറോൺ പൊള്ളാർഡും പാണ്ഡ്യ സഹോദരൻമാരുംകൂടി ചേരുമ്പോൾ ബാറ്റിംഗ് നിര ഭദ്രം. രാഹുൽ ചഹറിന്റെ സ്പിൻ മികവിനൊപ്പം ജസ്പ്രീത് ബുംറയുടെയും ട്രെന്റ് ബോൾട്ടിന്റെയും അതിവേഗ പന്തുകളിലും നിലവിലെ ചാമ്പ്യൻമാർക്ക് പ്രതീക്ഷയേറെ.
ഏഴ് കളിയിൽ എട്ട് പോയിന്റുള്ള മുംബൈ ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ. രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!